
ദില്ലി: ഇസ്രായേലുമായി സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാൻ. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായാണ് ഇറാൻ വ്യോമപാത തുറന്നത്. വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 11ന് ദില്ലിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇസ്രായേലി, ഇറാനിയൻ സേനകൾ സംഘർഷം നിലനിൽക്കുന്നതിനാൽ ഇറാനിയൻ വ്യോമാതിർത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങൾക്കും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യക്ക് പ്രത്യേക വ്യോമമേഖല അനുവദിച്ചു.
സംഘർഷം അവസാനിക്കുന്ന സൂചനകളൊന്നുമില്ലാത്തതിനാൽ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ സിന്ധു' ആരംഭിച്ചതായി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു. 4,000-ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്, അവരിൽ പകുതിയും വിദ്യാർത്ഥികളാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പ്രകാരം, ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളെ റോഡ് മാർഗം അർമേനിയയിലെ യെരേവനിലേക്ക് എത്തിച്ചിരുന്നു. 18 ന് യെരേവനിൽ നിന്ന് പ്രത്യേക വിമാനത്തിൽ ദില്ലിയിലെത്തിച്ചു. ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നുപോകാൻ സൗകര്യമൊരുക്കിയതിന് ഇറാൻ, അർമേനിയ സർക്കാരുകളോട് ഇന്ത്യൻ സർക്കാർ നന്ദി അറിയിച്ചു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീർ സ്വദേശികളാണെന്ന് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ 'ഓപ്പറേഷൻ റൈസിംഗ് ലയൺ' ആരംഭിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam