ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്‌വാനിൽ അവസാനിക്കില്ലെന്നും ഇത് ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും തായ്‍വാൻ പ്രസിഡന്‍റ്. ചൈനയുടെ ആറ് യുദ്ധ പദ്ധതികളെക്കുറിച്ചുള്ള പഴയ റിപ്പോർട്ടും ഇതോടൊപ്പം ചർച്ചയാകുന്നു.

തായ്‌പേയ്: ചൈന തായ്‌വാനെ അധിനിവേശത്തിലൂടെ പിടിച്ചടക്കിയാൽ, ഏഷ്യ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളാകും ചൈനയുടെ അടുത്ത ലക്ഷ്യമെന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ. ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ചൈനയുടെ അധിനിവേശ മോഹത്തിന്‍റെ അടുത്ത ഇരകളാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഎഫ്പിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്‌വാനിൽ അവസാനിക്കില്ല. തായ്‌വാൻ വീണാൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും അന്താരാഷ്ട്ര ക്രമവും തകരും. ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയ്ക്ക് പുറമെ ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയിലും യൂറോപ്പിലും വരെ എത്തുമെന്നാണ് തായ്‍വാൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ സൈനിക ജനറൽമാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടിയെ ലായ് ചിങ്-തെ "അസാധാരണമായ സാഹചര്യം" എന്ന് വിശേഷിപ്പിച്ചു. ഇത് തായ്‌വാൻ അധിനിവേശ പദ്ധതികളെ ബാധിച്ചേക്കാം. എങ്കിലും രാജ്യം എപ്പോഴും ജാഗ്രതയോടെയിരിക്കണം. ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തായ്‌വാൻ പാർലമെന്റ് 40 ബില്യൺ ഡോളറിന്റെ അധിക ബജറ്റ് ഉടൻ അംഗീകരിക്കും. അമേരിക്കയിൽ നിന്നുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ്-ഷി ജിൻപിംഗ് കൂടിക്കാഴ്ച തായ്‌വാന്റെ നിലവിലെ സ്ഥിതി നിലനിർത്താൻ സഹായിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമെങ്കിൽ ബലംപ്രയോഗിച്ചും തായ്‍വാനെ കൂട്ടിചേർക്കുമെന്ന് ചൈന ആവർത്തിക്കുന്നുണ്ട്. സമീപകാലത്ത് തായ്‌വാന് ചുറ്റും ചൈന സൈനികാഭ്യാസം ശക്തമാക്കിയിരിക്കുകയാണ്. ഫിലിപ്പീൻസുമായും ജപ്പാനുമായും ചൈന നിലവിൽ സമുദ്ര അതിർത്തി തർക്കങ്ങളിലേർപ്പെട്ടിരിക്കുകയാണ് എന്നതും മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

തായ്‌വാൻ പ്രസിഡന്‍റിന്‍റെ അഭിമുഖത്തിന് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായി. ചൈന ഇനിയുള്ള വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. തായ്‌വാനെ സ്വന്തമാക്കുക എന്നതാണ് ആദ്യം. ശേഷം ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന നീക്കം നടത്തും, ഇന്ത്യയുടെ അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി പാകിസ്താനുമായി ചേർന്ന് ശ്രമിക്കും, ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾ പിടിച്ചെടുക്കാൻ ശ്രമിക്കും, തുടർന്ന് മംഗോളിയയെ ചൈനയുടെ ഭാഗമാക്കാനുള്ള സൈനിക നീക്കം നടത്തും എന്നെല്ലാമാണ് സോഹുവിലെ റിപ്പോർട്ടിലുള്ളത്. 2030 മുതൽ 2060 വരെയുള്ള കാലത്ത് ചൈന ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.