
ടെഹ്റാൻ: മുൻ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍ പാർലമെന്റ് സ്പീക്കർ. ജെറുസലേം മോചിപ്പിക്കുന്നതിലൂടെയാണ് ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുകയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും അതിനുള്ള തെളിവാണ് അമേരിക്ക ഒപ്പിട്ട ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താൻ അനുവദിക്കില്ലെന്നും ഇറാൻ പാർലമെന്റ് വ്യക്തമാക്കി.
അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ വിപുലമായി നടത്താൻ ഒരുങ്ങുകയാണ് ഇറാൻ. ജൂലൈ ഒൻപതാം തീയതി നടക്കുന്ന ചടങ്ങിൽ ലക്ഷങ്ങൾ അണിനിരക്കുമെന്ന് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു. ഇറാനിലെങ്ങും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന, ലക്ഷങ്ങളെത്തുന്ന വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ്. സംസ്കാരച്ചടങ്ങിനും ദുഃഖാചരണത്തിനും ശേഷം മാത്രമേ അമേരിക്കയുമായി ഇനി തുടർചർച്ചകൾ ഉണ്ടാവൂ. നിലവിലെ ഖത്തറിൽ നടന്ന ചർച്ചകളിൽ ഹോർമുസിലെ നികുതിയും മരവിപ്പിച്ച ഇറാന്‍റെ സ്വത്തുക്കളും ചർച്ചയായെന്നാണ് സൂചന. എന്നാൽ, നൽകിയ ഉറപ്പുകൾ പാലിക്കാതെ തുടർ ചർച്ചകൾക്കില്ലെന്ന മുന്നറിയിപ്പിന്റെ സ്വരം ഇറാൻ വെടിയുന്നില്ല.
അതിനിടെ, ഹോർമുസിൽ അടിത്തട്ടിലിടിച്ച് കുടുങ്ങിയ കപ്പൽ നീക്കാൻ ശ്രമം തുടങ്ങി. തങ്ങൾ നൽകിയ റൂട്ട് തെറ്റിച്ച് കടക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് പറയുമ്പോഴും ഇറാൻ തന്നെയാണ് ഇക്കാര്യത്തിൽ ഇടപെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam