
ജക്കാർത്ത: ഇന്തോനേഷ്യയിലെ പാപ്പുവയിൽ അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നും യാത്രാ വിമാനത്തിന് തീയിട്ടും വിമതരുടെ പ്രകോപനം. പ്രാദേശിക വിഘടനവാദ സംഘടനയായ വെസ്റ്റ് പാപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) ആണ് ആക്രമണം നടത്തിയത്. ആക്രമണത്തെ അമേരിക്കൻ, ഇന്തോനേഷ്യൽ ഭരണകൂടങ്ങൾക്കുള്ള സന്ദേശമെന്ന് സംഘടനാ വക്താവ് വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പൈലറ്റായ നിക്കോളാസ് എഫ് ഗോസെലിനെ ആണ് വെടിവെച്ചു കൊന്നതെന്നും ഇയാളുടെ വിമാനം കത്തിച്ചുവെന്നും ടിപിഎൻപിബി വക്താവ് പറഞ്ഞു.
ഇന്തോനേഷ്യൽ സൈനികരെ പതിവായി കൊണ്ടുവരുന്നതിലും സംഘടനയുടെ അന്ത്യശാസനം ലംഘിച്ചതിനുമുള്ള പ്രതികാരമാണെന്നാണ് ടിപിഎൻപിബിയുടെ വിശദീകരണം. ഹൈലാൻഡ് പാപ്പുവ പ്രവിശ്യയിലെ യഹുകിമോ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഹൈലാൻഡ് പാപ്പുവയിലെ മറ്റൊരു നഗരമായ വമേനയിൽനിന്ന് യഹുകിമോയിലേക്ക് വന്ന വിമാനമാണ് ആക്രമിക്കപ്പെട്ടത്. സ്വകാര്യ ഓപ്പറേറ്ററുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിൽ പാപ്പുവയിലെ വിദൂര ഗ്രാമങ്ങളിലേക്ക് ഭക്ഷണം, ഇന്ധനം, കത്തുകൾ തുടങ്ങിയവ എത്തിച്ചിരുന്നു.
അതേസമയം അമേരിക്കൻ പൈലറ്റും ഏഴ് യാത്രക്കാരും ഉണ്ടായിരുന്ന വിമാനം യഹുകിമോ വിമാനത്താവളത്തിൽ കത്തിയ നിലയിൽ കണ്ടെത്തിയതായി പാപ്പുവയിലെ ഇന്തോനേഷ്യയുടെ സംയുക്ത പൊലീസ് - സൈനിക നടപടികളുടെ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ വിമത സംഘടനയാണോ എന്നും പൈലറ്റ് കൊല്ലപ്പെട്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും പാപ്പുവയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു.
പാപ്പുവയിൽ ഇന്തോനേഷ്യൻ സൈന്യവും ടിപിഎൻപിബിയും തമ്മിൽ നടക്കുന്ന സംഘർഷത്തിൻ്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ ഇന്തോനേഷ്യൻ, യുഎസ് ഭരണകൂടങ്ങൾ പരാജയപ്പെടുന്നതിലുള്ള സന്ദേശമാണ് ആക്രമണമെന്ന് ടിപിഎൻപിബി വക്താവ് പറഞ്ഞു. പാപ്പുവയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് യാത്രാ വിമാനങ്ങൾ അനുവദിക്കുന്നത് തുടർന്നാൽ ആക്രമണം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ പ്രവർത്തിക്കുന്ന യുഎസ് എംബസി പ്രതികരിച്ചിട്ടില്ല. 2024ൽ പാപ്പുവയിൽ ഇറങ്ങിയ ചെറു വാണിജ്യ വിമാനത്തിൽ ഉണ്ടായിരുന്ന ന്യൂസിലൻഡ് സ്വദേശിയായ പൈലറ്റിനെ വിമതർ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam