
11 ആഴ്ചകള്‍ക്ക് മുമ്പാണ് 'നിരുപാധികമായ കീഴടങ്ങല്‍ അല്ലാതെ ഇറാനുമായി യാതൊരു കരാറുമില്ല' എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ ആണവപദ്ധതികള്‍ ഇല്ലാതാക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അവസാനിപ്പിക്കുക, സമ്പുഷ്ട യുറേനിയം യുഎസിന് കൈമാറുക എന്നിങ്ങനെ പല ആവശ്യങ്ങള്‍. അമേരിക്ക പറയുന്ന വിധത്തില്‍ ഇറാന്‍ നൂറു വട്ടം കരാറില്‍ ഒപ്പിടും എന്നും ഏകപക്ഷീയമായി ട്രംപ് ഭീഷണിമുഴക്കി.
എന്നാല്‍, ഇറാനുമായുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അമേരിക്ക ഇതെല്ലാം മറന്നതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ചര്‍ച്ചകളില്‍ പഴയ ആവശ്യങ്ങളില്‍നിന്നെല്ലാം അമേരിക്ക ഏറെ പിന്നോക്കം പോയിരിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണം, ആണവ ഭീഷണി, ബാലിസ്റ്റിക് മിസൈലുകള്‍. ഇപ്പോള്‍ ഇതൊന്നും പറയുന്നേയില്ല അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് തുറക്കുക. ഈയൊറ്റക്കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാമേശയിലുള്ളത്. ആദ്യം ഹോര്‍മുസ്, പിന്നെ സമയം പോലെ മറ്റു വിഷയങ്ങള്‍ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു ട്രംപും കൂട്ടരും.
ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയും ഇറാനും തമ്മില്‍ പാക്കിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയുടെ വിശദാശംങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ പൂര്‍ണ്ണമായും ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല എന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. എന്നിട്ടും വരാന്‍ പോവുന്ന കരാര്‍ വിപ്ലവകരമായ ഒന്നാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതിനിടയിലാണ് ചര്‍ച്ചകളില്‍ ഇടപെടുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ച്, ന്യൂയോര്‍ക്ക് ടൈംസ് കരാറിലെ വ്യവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ട്രംപ് പറയുന്നതുപോലെ അത്ര വിപ്ലവകരമല്ല കാര്യങ്ങള്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ശാശ്വതസമാധാനം, ആണവ വിഷയങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പ്രശ്‌നങ്ങള്‍ എന്നിവയൊന്നും ഇപ്പോള്‍ ചര്‍ച്ചയിലില്ല. ഉള്ളത് ഹോര്‍മുസ് കടലിടുക്ക് തുറക്കുക എന്ന ഒറ്റ വ്യവസ്ഥ മാത്രം. പകരം, ഇറാന്‍ ആവശ്യപ്പെടുന്ന വിധത്തില്‍ യുഎസ് ഉപരോധത്തില്‍ അയവ് വരുത്തും. സമഗ്ര കരാറല്ല, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള താല്‍ക്കാലിക ക്രമീകരണം-അതുമാത്രമാണ് ഇതുവരെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. ഇനിയിത് ഇറാന്‍ പരാമാധികാരി മുജ്തബ ടമനെയി അംഗീകരിക്കണം. ട്രംപും മുജ്തബയും ഒപ്പുവെക്കണം.
സംഗതി, പവനായി ശവമായി എന്നാണെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇതുപോലും ട്രംപിന് കച്ചിത്തുരുമ്പാവും. ഗ്യാസോലിന്‍ വില ഗാലന് 4.50 ഡോളറിനടുത്ത് നില്‍ക്കുകയാണ്. ഭൂരിഭാഗം അമേരിക്കക്കാരും യുദ്ധത്തിനെതിരാണെന്നാണ് വോട്ടെടുപ്പുകള്‍. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പോലും കടുത്ത എതിര്‍പ്പാണ്. നവംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് വന്നാല്‍, ട്രംപിനും കൂട്ടര്‍ക്കും പണി ഉറപ്പ്. ആ നിലയ്ക്ക്, പേരിനെങ്കിലും ഒരു കരാര്‍ ഉണ്ടാക്കി, അത് വിപ്ലവകരമെന്ന് വ്യാഖ്യാനിച്ച് തല്‍ക്കാലം തടിരക്ഷിക്കാനാണ് ട്രംപിന്റെ പ്ലാന്‍. ഇറാനും ആശ്വാസമാണ് ഈ അവസ്ഥ. യുദ്ധത്തിന് കാരണമായ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ട. ഭീഷണിപ്പെടുത്തിയുള്ള കരാറില്‍ ഒപ്പിടേണ്ട. എണ്ണ വരുമാനത്തിന്റെ ഭൂരിഭാഗവും ഇല്ലാതായി തകര്‍ച്ചയുടെ വക്കിലെത്തിയ ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇതോടെ പുതുജീവന്‍ ലഭിക്കും.
ലോകത്തെ സംബന്ധിച്ചും ഇത് ആശ്വാസമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജപ്രതിസന്ധിയില്‍നിന്ന് കരകയറാനാവും. ലോകത്തിനാകെ ബാധ്യതയായ ഒരു യുദ്ധത്തിന് താല്‍ക്കാലിക ശമനമുണ്ടാകും. വളരെ എളുപ്പത്തില്‍ കൈവിട്ടുപോകാമായിരുന്ന ഒരു സംഘര്‍ഷം അയയുന്നു എന്നത് പോസിറ്റീവായ കാര്യം തന്നെയാണ്. ലോകത്തിലെ നാലിലൊന്ന് എണ്ണ കടന്നുപോകുന്ന ഹോര്‍മുസ് പാത വീണ്ടും തുറക്കപ്പെട്ടാല്‍, ഇപ്പോഴത്തെ ഇന്ധപ്രതിസന്ധിക്ക് ശമനമാവും.
ചര്‍ച്ചകളില്‍ ഇരുവിഭാഗത്തിനും വിട്ടുവീഴ്ച ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു എന്നതാണ് വാസ്തവം. മോശം ഓപ്ഷനുകളില്‍ നിന്ന് ഏറ്റവും ദോഷം കുറഞ്ഞ ഒന്നാണ് ഇരുപക്ഷവും തിരഞ്ഞെടുത്തത്. ഇത്രയൊക്കെ ആയി, ഈ കരാര്‍ വന്നാല്‍ എന്ത് സംഭവിക്കും എന്നാലോചിച്ചാല്‍ അതിലും വലിയ തമാശയാണ്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ഏകദേശ അവസ്ഥ വീണ്ടും വരും. അതായത്, കൊടും യുദ്ധം ചെയ്തിട്ടും, അവസ്ഥകള്‍ ഒരിഞ്ച് മാറിയിട്ടില്ല എന്നര്‍ത്ഥം. പിന്നെന്തിനായിരുന്നു ഈ യുദ്ധമെന്നാണ്, ലോകത്തിനൊപ്പം അമേരിക്കന്‍ ജനതയും ചോദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam