തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതായി, സമുദ്രനിരപ്പ് ഉയരുന്നു; ഈ അമേരിക്കന്‍ നഗരം കടലെടുക്കുമെന്ന് പഠനം

Published : May 25, 2026, 06:18 PM IST
new Orleans city

Synopsis

ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും: അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളുടെ 75 ശതമാനത്തോളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തീരപ്രദേശം 62 മൈല്‍ വരെ ഉള്ളിലേക്ക് ചുരുങ്ങും. ഈ പ്രദേശം തിരിച്ചുവരവില്ലാത്ത ഒരു ഘട്ടത്തിലേക്ക് കടന്നതായി പഠനത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് നഗരം പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പഠനം. സമുദ്രനിരപ്പ് ഉയര്‍ന്ന് ഇവിടെ ജനവാസം അസാധ്യമാവുമെന്നും നേച്ചര്‍ സസ്‌റ്റൈനബിലിറ്റി ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വിലയിരുത്തുന്നു. വലിയ ദുരന്തം ഒഴിവാക്കാന്‍ ഇപ്പോള്‍ത്തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും പഠനം അധികൃതരോട് ആവശ്യപ്പെടുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് അലബാമയിലെ ജിയോഗ്രഫി അസോസിയേറ്റ് പ്രൊഫസര്‍ വാന്‍യുന്‍ ഷാവോ, ടുലെയ്ന്‍ സര്‍വ്വകലാശാലയിലെ ജിയോളജി പ്രൊഫ. ടോര്‍ബ്ജോണ്‍ ടോണ്‍ക്വിസ്റ്റ്, യേല്‍ സ്‌കൂള്‍ ഓഫ് ദി എന്‍വയോണ്‍മെന്റിലെ അര്‍ബന്‍ സസ്‌റ്റൈനബിലിറ്റി അസിസ്റ്റന്റ് പ്രൊഫ. ബ്രിയാന കാസ്‌ട്രോ എന്നിവരടങ്ങുന്ന സംഘമാണ് ഈ പഠനം നടത്തിയത്.

ലൂസിയാന തീരത്ത് സമുദ്രനിരപ്പ് 10 മുതല്‍ 23 അടി വരെ ഉയരാന്‍ സാധ്യതയുള്ളതായി പഠനം വ്യക്തമാക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും: അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളുടെ 75 ശതമാനത്തോളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തീരപ്രദേശം 62 മൈല്‍ വരെ ഉള്ളിലേക്ക് ചുരുങ്ങും. ഈ പ്രദേശം തിരിച്ചുവരവില്ലാത്ത ഒരു ഘട്ടത്തിലേക്ക് കടന്നതായി പഠനത്തില്‍ പറയുന്നു.

കാലാവസ്ഥാ മാറ്റം മൂലം ഭൂമി ചൂടുപിടിക്കുന്നതിനനുസരിച്ച് സമുദ്രനിരപ്പ് ഉയരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ലൂസിയാന തീരപ്രദേശങ്ങള്‍ ലോകത്തില്‍ത്തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്. 360,000 ആളുകള്‍ താമസിക്കുന്ന ന്യൂ ഓര്‍ലിയന്‍സ് നഗരം ഇതിലേറെ അപകടസാധ്യതയുള്ള മേഖലയിലാണ്. ഒരു കാലത്ത് ഈ നഗരത്തിനുചുറ്റും, തണ്ണീര്‍ത്തടങ്ങളായിരുന്നു. അത് ചുഴലിക്കാറ്റുകളില്‍ നിന്നും ശക്തമായ തിരമാലകളില്‍ നിന്നും സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വെള്ളം വറ്റിക്കുകയും കനാലുകള്‍ ഉണ്ടാക്കുകയും നദീതീരങ്ങളില്‍ ബണ്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതിനാല്‍ ഇവ അതിവേഗം അപ്രത്യക്ഷമാവുകയാണ്. തണ്ണീര്‍ത്തടങ്ങള്‍ വെള്ളത്തിനടിയിലാകാതെ സംരക്ഷിക്കുന്ന എക്കല്‍ മണ്ണ് അടിഞ്ഞുകൂടുന്നത് ബണ്ടുകള്‍ കാരണം തടസ്സപ്പെടുകയാണ്. 1930-കള്‍ക്ക് ശേഷം ലൂസിയാനയ്ക്ക് ഏകദേശം 2,000 ചതുരശ്ര മൈല്‍ തണ്ണീര്‍ത്തടങ്ങള്‍ നഷ്ടപ്പെട്ടതായി പഠനത്തില്‍ പറയുന്നു.

ലൂസിയാനയുടെ തീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഇതിനകം തന്നെ ഒഴിഞ്ഞുപോവുന്നുണ്ട്. 2005-ല്‍ ലൂസിയാനയില്‍ ആഞ്ഞടിക്കുകയും 1,400 പേരുടെ ജീവനെടുക്കുകയും ചെയ്ത കത്രീന ചുഴലിക്കാറ്റിന് ശേഷം ന്യൂ ഓര്‍ലിയന്‍സിലെ ജനസംഖ്യയില്‍ 25 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. കത്രീനയ്ക്ക് സമാനമായ മറ്റൊരു ചുഴലിക്കാറ്റ് നഗരത്തില്‍ ആഞ്ഞടിച്ചാല്‍, അത് ഏതാണ്ട് എല്ലാവരെയും നാശനഷ്ടങ്ങളിലേക്ക് തള്ളിവിടുമെന്ന് പഠനം പറയുന്നു.

ഇവിടെ തണ്ണീര്‍ത്തടങ്ങള്‍ വികസിപ്പിക്കുന്നതിനായി എക്കല്‍മണ്ണ് വഴിതിരിച്ചുവിടാനുള്ള വമ്പന്‍ പദ്ധതിക്ക് 2023 ഓഗസ്റ്റില്‍ തുടക്കം കുറിച്ചിരുന്നു. എന്നാല്‍, ഉയര്‍ന്ന ചെലവുകളും മത്സ്യബന്ധന നഷ്ടങ്ങളും ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ജെഫ് ലാന്‍ഡ്രി 2025-ല്‍ ഈ പദ്ധതി റദ്ദാക്കി. ലൂസിയാന തീരത്തിന്റെ വലിയൊരു ഭാഗം ഫലത്തില്‍ ഉപേക്ഷിക്കുന്നതിന് തുല്യമാണിതെന്ന് പഠനം വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധം ഇരുട്ടടിയായി; ഏപ്രിലില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയ‍‌ർന്നു, വ‌‌ർധിച്ചത് 52 ശതമാനം
'എ ഐ ചിലരുടെ കൈകളില്‍ ഒതുങ്ങരുത്, അത് വിവേകത്തോടെ ഉപയോഗിക്കണം'; ലോകത്തിന് മുന്നറിയിപ്പുമായി മാര്‍പ്പാപ്പ