ഇറാൻ പ്രസിഡന്‍റിനൊപ്പം നടന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ 'അസാധാരണ പ്രവൃത്തി'; വീഡിയോ പ്രചരിച്ചതോടെ വിമർശനം

Published : Jun 26, 2026, 12:19 PM IST
Pak PM, Iran PM

Synopsis

പാകിസ്ഥാൻ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്‍റിനെ വെയിലത്ത് നിർത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് കുടക്കീഴിൽ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി. നയതന്ത്ര മര്യാദയുടെ ലംഘനമെന്ന് വിമർശനം ഉയരുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചർച്ചകളും ഈ സന്ദർശനത്തിൽ നടന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാൻ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് പങ്കെടുത്ത ഔദ്യോഗിക ചടങ്ങിലെ ഒരു ചെറിയ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കടുത്ത വെയിലിൽ പാക് പ്രധാനമന്ത്രി കുടക്കീഴിൽ നടക്കുമ്പോൾ, അതിഥിയായെത്തിയ ഇറാൻ പ്രസിഡന്‍റ് യാതൊരു തണലുമില്ലാതെ വെയിലത്ത് നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നൂർ ഖാൻ എയർബേസിൽ നടന്ന സ്വീകരണ ചടങ്ങിനിടയിലാണ് ഈ സംഭവം ക്യാമറയിൽ പതിഞ്ഞത്. വെയിലിൽ നിന്നും സംരക്ഷണം നൽകാൻ സുരക്ഷാ ജീവനക്കാരൻ ഷെഹ്ബാസ് ശരീഫിന് മുകളിലായി കുട പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ അദ്ദേഹത്തോടൊപ്പം തൊട്ടടുത്ത് നടന്ന ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും കടുത്ത വെയിലത്താണ് നടക്കുന്നത്. ചടങ്ങിനിടയിൽ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഈ കുടയുടെ തണലിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ ഷെഹ്ബാസ് ശരീഫ് അവിടെനിന്നും മാറി നടക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാക് പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. സ്വന്തം രാജ്യത്തെത്തിയ വിശിഷ്ട അതിഥികളെ വെയിലത്ത് നിർത്തുകയും പ്രധാനമന്ത്രി സ്വന്തം കാര്യം മാത്രം നോക്കി കുടക്കീഴിൽ നടക്കുകയും ചെയ്തത് നയതന്ത്ര മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.

അതേസമയം കുടയെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ ഈ സന്ദർശനം ഏറെ നിർണായകമായിരുന്നു. ഇസ്ലാമാബാദിൽ നടന്ന ഉന്നതതല യോഗങ്ങളിൽ വ്യാപാരം, കൃഷി, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. പാകിസ്ഥാനിൽ നിന്നുള്ള മാംസ ഇറക്കുമതി വർധിപ്പിക്കാൻ ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചു. ഇറാന് ആവശ്യമായ മാംസത്തിന്റെ വലിയൊരു പങ്ക് പാകിസ്ഥാനിൽ നിന്ന് എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ കൂടുതൽ ചേർന്നു പ്രവർത്തിക്കാനും പ്രാദേശിക സുരക്ഷയും സാമ്പത്തിക സഹകരണവും മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.

പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരിയുമായും ചർച്ചകൾ നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വിവിധ ഉന്നതതല യോഗങ്ങളിൽ പങ്കെടുത്തു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇസ്രായേൽ എന്നിവരുമായി അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്ക് ശേഷം ഇറാൻ പ്രസിഡന്റ് നടത്തുന്ന ആദ്യ വിദേശ സന്ദർശനമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ഈ പാകിസ്താൻ യാത്ര ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തക‍ർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ ജീവൻ്റെ തുടിപ്പ്, പിഞ്ചുകുഞ്ഞിനെ അടക്കം പുറത്തെടുത്തു; വെനസ്വേലയിൽനിന്ന് ആശ്വാസ വാർത്തകളും
ചരിത്രപരമായ നീക്കം, സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുമതി നൽകുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം