
ടെഹ്റാൻ: സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയ്ക്ക് കൈമാറാൻ സന്ദേശങ്ങളൊന്നുമില്ലെന്നറിയിച്ച് പാക് സേനാ മേധാവി അസിം മുനീറിനെ മടക്കി അയച്ച് ഇറാൻ. യുറേനിയത്തിന്റെ ഒരു കണിക പോലും ഇറാൻ വിട്ട് പുറത്തു പോകില്ലെന്നും, ഇറാൻ വെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കയെ വിശ്വാസമില്ലെന്നാണ് ഇറാൻ നിലപാട്. തങ്ങൾ വെച്ച ഏഴ് ഉപാധികൾ നടപ്പാക്കി വിശ്വാസം വന്നാൽ മാത്രം തുടർന്ന് ചർച്ചയെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിലെ മധ്യസ്ഥ നീക്കങ്ങളിൽ പുതിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇറാൻ - പാക്കിസ്ഥാൻ വ്യാപാര അതിർത്തി തുറക്കുന്നത് നീണ്ടതും ഇറാനെ ചൊടിപ്പിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ, അമേരിക്കയുമായി സമവായ ഫോർമുലയുമായാണ് പാക് സേനാ മേധാവി ടെഹ്റാനിലെത്തിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒന്നും പറയാനില്ലെന്ന് ഇറാൻ മുഖം തിരിച്ചതോടെ സന്ദർശനം വ്യർത്ഥമായി. ഈയിടെ പാക്കിസ്ഥാൻ അടച്ച ഇറാൻ - പാക്കിസ്ഥാൻ വ്യാപാര റൂട്ടുകൾ തുറക്കാതിരുന്നതും ഇറാനെ ചൊടിപ്പിച്ചു. പാക് സേനാ മേധാവിയുമായുള്ള കൂടിക്കാഴ്ച്ചയിൽ, ഇറാൻ പരമോന്നത ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറിയുടെ ശരീരഭാഷയിലും അതൃപ്തി പ്രകടമായിരുന്നു. ഇറാന്റെ യുറേനിയത്തിന്റെ ഒരു കണിക പോലും ഇറാന്റെ പുറത്തു പോകില്ലെന്നും നിലപാടറിയിച്ചതോടെ, ഇത് തങ്ങൾ സൂക്ഷിക്കാമെന്ന റഷ്യൻ സമയാവയ നിർദേശവും പാതിവഴിയിലായി. അമേരിക്ക ഇളവുകൾക്ക് വഴങ്ങിയാൽ മാത്രമാകും ഇനി ഇവ മുന്നോട്ടു പോവുക. മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകുക, നാവിക ഉപരോധം നീക്കുക, സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ഉപാധികലാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ചുരുക്കത്തിൽ ഇറാന്റെ രോഷത്തിന്റെ ചൂട് പരോക്ഷമായെങ്കിലും അറിയേണ്ടി വന്നത് പാക്കിസ്ഥാൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam