മിസൈല്‍ ആക്രമണം; 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍

By Web TeamFirst Published Jan 8, 2020, 11:51 AM IST
Highlights

ഇറാന്‍റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്കയുടെ മറുപടി

തെഹ്റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ ആക്രണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍. ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. 15 മിസൈലുകള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചെന്നാണ് ഇറാന്‍ പ്രസ് ടിവി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൊന്നുപോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇറാന്‍റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്കയുടെ മറുപടി. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നെന്നും അമേരിക്ക വാദിക്കുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങളാണ് ഇറാന്‍ ഇന്ന് പുലര്‍ച്ചെ ആക്രമിച്ചത്. 

അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് - ഹൊഫ്‍മാന്‍ അറിയിച്ചു. 

ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ  ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ഓയില്‍ വില ഇതിനോടകം 3.5 ശതമാനം വര്‍ധിച്ചു എന്നാണ് വിവരം. 

കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്കരിച്ചു.

click me!