
ടെഹ്റാൻ: ഇസ്രയേലിന്‍റെ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം. ഡ്രോൺ ആക്രമണം തങ്ങളെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന്‍റെ മൂന്ന് ഡ്രോണുകൾ നശിപ്പിച്ചെന്നും ഇറാന്‍റെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടെന്നായിരുന്നു റിപ്പോർട്ട്. ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി എന്നായിരുന്നു ആദ്യ ഘട്ടത്തിലെ വിവരം. എന്നാൽ ഇറാനിത് നിഷേധിച്ചു. തങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ കടന്ന ഡ്രോണുകള്‍ വെടിവച്ചിട്ടെന്നാണ് ഇറാന്‍റെ വിശദീകരണം.
ഇസ്രയേൽ ആക്രമണത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് ഇറാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനം സുസജ്ജമാക്കിയതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാനടുത്തുള്ള ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി. സൈനിക സംവിധാനമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കനത്ത ജാഗ്രതയിലാണ്. ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ദുബൈയിൽ 2 ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാന സർവീസുകൾ; ടെർമിനൽ 1 ഭാഗികമായി പ്രവർത്തനം തുടങ്ങി
ഇസ്രയേൽ ഡമാസ്കസിലെ ഇറാന്‍റെ എംബസി ആക്രമിച്ചതോടെയാണ് നിലവിലെ സംഘർഷത്തിന്‍റെ തുടക്കം. ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ് ഹാദി ഹാജി റഹിമിയും കൊല്ലപ്പെട്ടവരിലുണ്ട്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈൽ വർഷിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഇസ്രയേലിന് മറുപടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പ്രതികരിച്ചിരുന്നു. യുദ്ധത്തിന് സജ്ജമെന്ന് ഹിസ്ബുള്ളയും വ്യക്തമാക്കി. ഏപ്രിൽ 13 ന് ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. അടിക്ക് തിരിച്ചടി എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam