
സിഡ്നി: തിങ്കളാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ അക്രമിയോട് ക്ഷമിച്ചതായി പരിക്കേറ്റ ബിഷപ്പ് മാർ മാരി എമ്മാനുവൽ. വിശ്വാസ സമൂഹത്തിന് നൽകിയ ശബ്ദ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം വിശദമാക്കിയത്. വിശ്വാസികളോട് ശാന്തരായി ഇരിക്കണമെന്നുമാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. മത പ്രചോദിതമായ തീവ്രവാദ ആക്രമണം എന്നാണ് കത്തിയാക്രമണത്തെക്കുറിച്ച് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നത്.
കുർബാന പുരോഗമിക്കുന്നതിനിടെയുണ്ടായ കത്തിയാക്രമണം ലൈവ് സ്ട്രീമിംഗിലും നിരവധി പേർ കണ്ടിരുന്നു. നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ നിരവധി പൊലീസ് കാറുകളാണ് വിശ്വാസികൾ അഗ്നിക്കിരയാക്കിയത്. 16 വയസുകാരനാണ് ബിഷപ്പിനെ ആക്രമിച്ചത്. അറസ്റ്റ് ചെയ്തെങ്കിലും 16കാരനെതിരെ ഇനിയും കുറ്റങ്ങൾ ചുമത്തിയിട്ടില്ല.
ഇതിനിടയിലാണ് ബിഷപ്പിന്റെ ശബ്ദ സന്ദേശമെത്തുന്നത്. ആരു ചെയ്ത അക്രമം ആണെങ്കിലും അക്രമിയോട് ക്ഷമിക്കുന്നുവെന്നാണ് ശബ്ദ സന്ദേശം വിശദമാക്കുന്നത്. എപ്പോഴും അക്രമിക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നും അക്രമിയെ പ്രചോദിപ്പിച്ചവരോടും ക്ഷമിക്കുന്നതായും വ്യാഴാഴ്ച പുറത്തു വന്ന ബിഷപ്പിന്റെ ശബ്ദ സന്ദേശം വിശദമാക്കുന്നു. തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും ബിഷപ്പ് വിശദമാക്കി. അസീറിയൻ ക്രൈസ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ചയാണ് കത്തിക്കുത്ത് നടന്നത്. നേരത്തെ കൊവിഡ് വാക്സിൻ വിരുദ്ധ നിലപാടിനും ലോക്ഡൌൺ വിരുദ്ധ നിലപാടിനും മഹാമാരിക്കാലത്ത് ബിഷപ്പ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു
ഓസ്ട്രേലിയയിലെ പള്ളിയിൽ ബിഷപ്പിനും വൈദികനും വിശ്വാസികൾക്കും കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam