ഭരണകൂടത്തെ അനുകൂലിച്ച് പാടിയില്ല, ഇറാനിൽ സുരക്ഷാ സേനയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിനി മരിച്ചു

Published : Oct 20, 2022, 02:30 PM IST
ഭരണകൂടത്തെ അനുകൂലിച്ച് പാടിയില്ല, ഇറാനിൽ സുരക്ഷാ സേനയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിനി മരിച്ചു

Synopsis

സ്‌കൂളിൽ എത്തിയ സുരക്ഷാ സേന വിദ്യാർത്ഥികൾ ഭരണകൂട അനുകൂല ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതോടെ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു

ടെഹ്റാൻ : ഇറാനിൽ സുരക്ഷാ സേനയുടെ മർദ്ദനമേറ്റ് മറ്റൊരു മരണം കൂടി. സ്‌കൂളിൽ നടത്തിയ റെയ്ഡിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അസ്ര പനാഹി എന്ന പെൺകുട്ടിയാണ് മരിച്ചത്. സ്‌കൂളിൽ എത്തിയ സുരക്ഷാ സേന വിദ്യാർത്ഥികൾ ഭരണകൂട അനുകൂല ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതോടെ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചു. ഒക്‌ടോബർ 13-ന് അർദാബിലെ ഷഹീദ് ഗേൾസ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരിക്കേറ്റ നിരവധി വിദ്യാർത്ഥികളിൽ ഒരാളായ അസ്ര പനാഹി മരിച്ചുവെന്ന് അധ്യാപക സമിതിയുടെ പ്രസ്താവനയെ ഉദ്ദരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ പെൺകുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം സുരക്ഷാ സേനയ്ക്കാണ് എന്ന ആരോപണം ഇറാൻ ഭരണകൂടം നിഷേധിച്ചു. മാത്രമല്ല പെൺകുട്ടിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്നയാൾ, അസ്ര ജന്മനാ ഹൃദയസംബന്ധമായ അസുഖം നേരിടുന്നുണ്ടെന്നും അത് മൂലമാണ് മരിച്ചതെന്നും സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രസ്താവിച്ചതായി ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.

അസ്രയുടെ മരണത്തിന് പിന്നാലെ, സ്കൂളുകളിൽ സുരക്ഷാ സേന നടത്തുന്ന പരിശോധനകളെ അപലപിച്ച് അധ്യാപക സംഘടന പ്രസ്താവന ഇറക്കുകയും ഇറാന്റെ വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും 10 പേർ അറസ്റ്റിലായതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 

ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന് സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനി മരിച്ചതിനെ തുടർന്ന് ഇറാനിൽ വലിയ പ്രതിഷേധം നടക്കുകയാണ്. ഇറാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചും ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് ഇവർ പ്രതിഷേധിക്കുന്നത്. അതിനിടെയാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്യുന്നത്. 

Read More : ഹിജാബ് ധരിക്കാതെ മത്സരത്തില്‍ പങ്കെടുത്തു, ഇറാനിലെ വനിതാ കായിക താരത്തിന് വന്‍ സ്വീകരണം, പിന്നാലെ വിശദീകരണം

PREV
Read more Articles on
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു