
ടെൽ അവീവ്: ഇറാന്‍റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയെ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ആവകാശവാദം. ഇറാനിലെ ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ഇസ്രായേല്‍ ലക്ഷ്യമിട്ടെന്ന് റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ചൊവ്വാഴ്ച ഉച്ചവരെ, ഇറാനിയൻ സ്റ്റേറ്റ് മീഡിയ ലാരിജാനിയുടെ നിലയെക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയാണ് ലാരിജാനി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാരിജാനായുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam