
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവിനെ ആക്രമണത്തിൽ വധിച്ച് ഒരാഴ്ച പിന്നിടവെ ആയത്തുള്ള അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനെയിയെയും ഇസ്രായേൽ-യുഎസ് സഖ്യം ലക്ഷ്യമിട്ടതായി സൂചന. 'ജാൻബാസ് ഓഫ് റമദാൻ' എന്നാണ് ഇറാൻ സ്റ്റേറ്റ് ടിവി മുജ്തബയെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ജാൻബാസ്' എന്നാൽ യുദ്ധത്തിൽ പരിക്കേറ്റ പോരാളി എന്നാണ് അർത്ഥം. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് 56കാരനായ മുജ്തബ ഖമനെയിയെ പുതിയ പരമാധികാരിയായി നിയമിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
മുജ്തബ ഖമനെയി പരമാധികാരിയായി ചുമതലയേറ്റ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ഇറാൻ ചാനലുകൾ അദ്ദേഹത്തിന് ശത്രുവിന്റെ ആക്രമണത്തിൽ പരിക്കേറ്റതായി വിവരിക്കുന്നുണ്ടെന്നാണ് 'ദി ടൈംസ് ഓഫ് ഇസ്രായേൽ' മാർച്ച് 9ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല. ഫെബ്രുവരി 28-നാണ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. മാർച്ച് 8-ഓടെ മുജ്തബ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധമുള്ള മുജ്തബ, പിതാവിന്റെ കടുത്ത നിലപാടുകൾ തുടരുമെന്നാണ് വിലയിരുത്തൽ.
മുജ്തബ ഖമനെയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ദൃശ്യങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. ഇതോടെ മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിട്ടുണ്ടാകാം എന്ന അഭ്യൂഹം ശക്തമാണ്. ഇറാന്റെ പുതിയ പരമാധികാരിയെ ഇതുവരെ ആരും കണ്ടിട്ടില്ലെന്നും ഒരു ഫോട്ടോയോ വീഡിയോയോ പ്രസ്താവനയോ പോലുമില്ലെന്നും ശ്രീലങ്കൻ നിരീക്ഷകൻ ഷാനക അൻസെലം പെരേര അഭിപ്രായപ്പെട്ടു. ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവായി നിയമിച്ചതിന് പിന്നാലെ മുജ്തബയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകൾ തെഹ്‌റാനിലെ തെരുവുകളിൽ ഒത്തുകൂടി. എന്നാൽ, ചിലയിടങ്ങളിൽ മുജ്തബയ്ക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മുജ്തബ ഖമനെയിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മുജ്തബ അധികകാലം വാഴില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഭരണകൂടത്തിന്റെ ക്രൂരത തുടരാൻ വന്ന മറ്റൊരു സ്വേച്ഛാധിപതി എന്നാണ് ഇസ്രായേൽ മുജ്തബയെ വിശേഷിപ്പിച്ചത്. ഏതായാലും കടുത്ത യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ മുജ്തബയുടെ അഭാവം ഇറാൻ ഭരണകൂടത്തിനുള്ളിൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam