യുദ്ധക്കെടുതിയില്‍ നട്ടംതിരിഞ്ഞ് ഇന്ത്യന്‍ കര്‍ഷകരും വ്യാപാരികളും; തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 4 ലക്ഷം ടണ്‍ അരി

Published : Mar 10, 2026, 06:08 PM IST
Indian Farmer

Synopsis

പശ്ചിമേഷ്യയിലെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതിയെ സ്തംഭിപ്പിച്ച നിലയിലാണ്. ഇത് ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന നെല്ലിന്റെ വിലയിൽ കാര്യമായ ഇടിവുണ്ടാക്കി. ഏകദേശം 4 ലക്ഷം ടൺ അരി തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ പ്രതിസന്ധി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകരെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ തുടരുന്ന യുദ്ധം ഇന്ത്യയിലെ കര്‍ഷകരെയും ചെറുകിട അരി വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ബസുമതി അരിയുടെ കയറ്റുമതി ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന നെല്ലിന്റെ വിലയില്‍ വലിയ ഇടിവുണ്ടായി.

തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 4 ലക്ഷം ടണ്‍ അരി

ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയുടെ പ്രധാന പാതയായ 'ഹോര്‍മുസ് കടലിടുക്ക്' യുദ്ധം കാരണം ഏതാണ്ട് അടഞ്ഞ നിലയിലാണ്. ഇതിലൂടെയാണ് ഇറാനിലേക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നുള്ള അരി പ്രധാനമായും എത്തിക്കുന്നത്. നിലവില്‍ ഏകദേശം 4 ലക്ഷം ടണ്‍ ബസുമതി അരി ഇന്ത്യന്‍ തുറമുഖങ്ങളിലും കടലിലുമായി കുടുങ്ങിക്കിടക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് ഏകദേശം 360 ദശലക്ഷം ഡോളര്‍ (ഏകദേശം 3,000 കോടി രൂപ) വില വരും.

കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി

കയറ്റുമതി നിലച്ചതോടെ ആഭ്യന്തര വിപണിയില്‍ അരിയുടെ വില കുത്തനെ ഇടിഞ്ഞു. ചെറുകിട മില്ലുടമകള്‍ കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന വിലയില്‍ 9 ശതമാനത്തോളം കുറവുണ്ടായി. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കര്‍ഷകരെയാണ്. നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയില്‍ യുദ്ധം തുടങ്ങിയ ശേഷം 9 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. യുദ്ധം ഇനിയും നീണ്ടുപോയാല്‍ വില 10 മുതല്‍ 15 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ബസുമതി റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെയാണ് ബസുമതി കയറ്റുമതിയിലെ തടസം സാരമായി ബാധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതിനാല്‍ 80-90 ശതമാനം നെല്ലും കര്‍ഷകര്‍ നേരത്തെ വിറ്റഴിച്ചിരുന്നു എന്നത് മാത്രമാണ് നിലവിലെ ഏക ആശ്വാസം.

ഗള്‍ഫ് വിപണിയും ഇന്ത്യയും

ഇന്ത്യയുടെ ആകെ കാര്‍ഷിക കയറ്റുമതിയുടെ അഞ്ചിലൊന്നും (ഏകദേശം 11.8 ബില്യണ്‍ ഡോളര്‍) പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ് പോകുന്നത്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ആകെ അരിയുടെ 36.7 ശതമാനവും ഈ മേഖലയിലേക്കാണ് എത്തുന്നത്. പ്രത്യേകിച്ച് ബസുമതി അരിയുടെ കാര്യമെടുത്താല്‍, ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന 60 ലക്ഷം ടണ്ണില്‍ മൂന്നില്‍ രണ്ട് ഭാഗവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പോകുന്നത്. ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ ബസുമതിയുടെ പ്രധാന വിപണികളാണ്. അരിക്ക് പുറമെ വാഴപ്പഴം, സുഗന്ധവ്യഞ്ജനങ്ങള്‍, മാംസം, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയും യുദ്ധം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിഷേധം, എതിര്‍പ്രതിഷേധം, ബോംബേറ്; ന്യൂയോര്‍ക്ക് മേയര്‍ മംദാനിയുടെ വീട്ടുപടിക്കല്‍ നടന്നതെന്ത്?
വെട്ടിലായി പാകിസ്ഥാനും; കാബിനറ്റ് മന്ത്രിമാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളമില്ല! നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പാക് സർക്കാർ