ഖമനെയിക്ക് വിട നൽകാൻ ഇറാൻ; പൊതുദർശനം ഇന്ന് മുതൽ, മൂന്ന് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം മഷാദിൽ

Published : Mar 04, 2026, 04:34 PM IST
Ali Khamenei

Synopsis

ആയത്തുല്ല അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി പറഞ്ഞു.

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി ഹൊജതോലെസ്ലാം മഹമൂദി പറഞ്ഞു. ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്. ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ ഖമനെയി കൊല്ലപ്പെട്ടത്.

അതേസമയം പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുകയാണ്. അഞ്ചാം ദിനവും ഇറാന്‍ പ്രത്യാക്രമണം തുടരുന്നതോടെ ഗള്‍ഫ് മേഖല ആശങ്കയിലാണ്. എന്നാൽ ഖമനെയിയുടെ പിൻഗാമിയായി ആരെ തീരുമാനിച്ചാലും വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. ലബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ദുബൈയിലെ യുഎസ് കോൺസുലേറ്റ്, സൗദി അറേബ്യയിലെ സിഐഎ സ്റ്റേഷൻ, പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇന്ന് ഇറാൻ ആക്രമണം നടത്തി. കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ച് പരിക്കേറ്റ 11 കാരി മരിച്ചു. ഖാദി സിയ മേഖലയിൽ, പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്ന വീടിന് മുകളിലാണ് മിസൈൽ ഭാഗങ്ങൾ വീണത്. പെൺകുട്ടിയുടെ രണ്ട് സഹോദരിമാർ അടക്കം നാലു പേർക്ക് പരിക്കേറ്റു. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് അവകാശപ്പെട്ടു. പാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നും സേനാ വക്താവ് മുഹമ്മദ് അക്ബർസാദെ മുന്നറിയിപ്പ് നൽകി.

ഇനി ഇറാന് ശേഷിയുണ്ടെന്ന് കരുതുന്നില്ലെന്ന് യുഎസ് സേന

ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയും ഖത്തറും അറിയിച്ചു. ഇറാൻ്റെ ഒൻപത് മിസൈലുകളം ഡ്രോണുകളും വെടിവെച്ചിട്ടതായി സൗദി സ്ഥിരീകരിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ അടിയന്തര സേവന വിഭാഗത്തിൽപ്പെടാത്തവർക്ക് രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഇന്ന് നാല് അമേരിക്കൻ സൈനിക‍ർ കൊല്ലപ്പെട്ടതായി പെൻ്റഗൺ സ്ഥിരീകരിച്ചു. അതേസമയം, തിരിച്ചടിക്കാനുള്ള ഇറാന്റെ ശേഷി കുറയുന്നുവെന്ന് അവകാശപ്പെട്ട് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ രംഗത്തെത്തി. ഇറാൻ 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ത്തിലധികം ഡ്രോണുകളും ഇതുവരെ ഉപയോഗിച്ചു. ഇനിയും ഇറാന് അധികം ആയുധങ്ങൾ പ്രയോഗിക്കാനുള്ള ശേഷിയുണ്ടെന്ന് കരുതുന്നില്ലെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു. ഇറാനിലുടനീളം 2,000 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും ഒരു അന്തർവാഹിനി ഉൾപ്പെടെ 17 ഇറാനിയൻ കപ്പലുകൾ തകർത്തതായും അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.

പ്രത്യാക്രമണം തുടരുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് ആവർത്തിക്കുന്നതിനിടെ, ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നാലാം ദിനവും ഇസ്രയേലിന്‍റെ ആക്രമണ പരമ്പര ഉണ്ടായി. അമേരിക്കൻ - ഇസ്രയേൽ സംയുക്ത സേനയുടെ ആക്രമണത്തിൽ ഇറാനിൽ മരണ സംഖ്യ 1097 ആയെന്ന് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിറ്റ്സ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ 181 കുട്ടികളുണ്ടെന്നും മരണ സംഖ്യ ഇനിയും വർധിക്കുമെന്നുമാണ് റിപ്പോർട്ട്. ഇറാനിലേക്കുള്ള ആക്രമണത്തിനൊപ്പം ലെബനോനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു, ബെയ്റൂട്ടിന് പുറമെ ബാൽബെക്ക്, അരമോൺ, സാദിയത്ത്, ഹാസ്മിയ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇന്ന് 10 പേർ കൊല്ലപ്പെട്ടു, തെക്കൻ ലെബനോനിൽ കൂടുതൽ ഗ്രാമങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ നിർദേശം നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന് തിരിച്ചടി, സ്പെയിനെതിരായ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയൻ; 'യുദ്ധം വേണ്ട', നിലപാട് ശക്തമാക്കി പെഡ്രോ സാഞ്ചസും
പരമ്പരാഗത രീതികളെ തള്ളി, ശവസംസ്കാരത്തിന് പുതുരീതിയുമായി സ്കോട്ട്ലാൻഡ്, 2 മണിക്കൂറിൽ മൃതദേഹം വെള്ളമാക്കും