ഇബ്രാഹീം റഈസി ഇറാന്‍റെ പുതിയ പ്രസിഡന്‍റ്; വിജയം വന്‍ ഭൂരിപക്ഷത്തില്‍

By Web TeamFirst Published Jun 20, 2021, 7:26 AM IST
Highlights

 ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ മത്സരിച്ചയാളാണ് ഇബ്രാഹിം റഈസി.

ടെഹ്റാന്‍: ഇറാന്‍റെ പ്രസിഡന്‍റായി രാജ്യത്തെ ജുഡീഷ്യറി തലവൻ ഇബ്രാഹീം റഈസി തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുനേടിയാണ് റഈസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പിന്തുണയോടെ മത്സരിച്ചയാളാണ് ഇബ്രാഹിം റഈസി. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന പേരിൽ അമേരിക്കൻ ഉപരോധം നേരിടുന്നയാളാണ് റഈസി

യാഥാസ്ഥിതിക കക്ഷിക്കാരനായ ആമിര്‍ ഹുസൈന്‍ ഖാസി സാദിഹ് ഒരു മില്യന്‍ വോട്ടിലേറെ നേടി. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പാര്‍ട്ടിക്കാരായ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു.  അഴിമതിവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് റയ്‌സി മല്‍സരരംഗത്തു വന്നത്. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ വിശ്വസ്തനാണ് റയ്സി. 

വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച റയ്‌സി  2019-ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്. 1980-കളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിന്റെയും 2009-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തിയതിന്റയും സൂത്രധാരനായിരുന്നു റയ്‌സി. 

രാഷ്ട്രീയ തടവുകാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവങ്ങളെ തുടര്‍ന്നാണ് അമേരിക്ക മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തി റയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.  സര്‍ക്കാറിന് അനഭിമതരായ അയ്യായിരം രാഷ്ട്രീയ തടവുകാരെ വധശിക്ഷ വിധിച്ച സംഭവത്തിലെ സൂത്രധാരനാണ് റയ്‌സിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!