
ദോഹ: ഖത്തറിന് നേരെ ഇറാന്‍റെ ആക്രമണം. ബുധനാഴ്ച ഇറാനിൽ നിന്ന് മൂന്ന് ക്രൂയിസ് മിസൈൽ ഖത്തറിന് നേർക്ക് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ക്രൂയിസ് മിസൈലുകളിൽ രണ്ടെണ്ണം ഖത്തർ സായുധ സേന വിജയകരമായി വെടിവെച്ചിട്ടു. മൂന്നാമത്തെ മിസൈൽ ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ഖത്തർ എനർജി വാടകയ്‌ക്കെടുത്ത എണ്ണ ടാങ്കറിലാണ് പതിച്ചത്. ആക്രമണമുണ്ടായ ഉടൻ തന്നെ അധികൃതർ കപ്പലിലുണ്ടായിരുന്ന 21 ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
ഖത്തർ വാർത്താ ഏജൻസി പുറത്തുവിട്ട പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും ഖത്തർ അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി പ്രവർത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തമുണ്ടായി. ടാങ്കുകൾക്ക് നാശനഷ്ടവും സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുല്ല അൽ-റജ്ഹി വ്യക്തമാക്കി. അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നുമില്ലെന്നും വസ്തു നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമിക്കപ്പെട്ടത് കുവൈത്തിന്റെ കൂറ്റൻ ടാങ്കർ അൽ സാൽമി എന്ന ക്രൂഡ് ഓയിൽ കപ്പലാണ്. തീരത്ത് കിടക്കുകയായിരുന്ന കപ്പലിന്റെ ഹാൾ പൂർണമായും തകർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam