
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായ വേളയിൽ സൗദി അറേബ്യയെ ഇറാൻ്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പാകിസ്ഥാൻ മധ്യസ്ഥതയിൽ രഹസ്യ ധാരണയുണ്ടാക്കിയെന്ന റിപ്പോർട്ട് പുറത്ത്. 'ദി ടൈംസ് ഓഫ് ഇസ്രായേൽ' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ മധ്യസ്ഥതയിലാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു രഹസ്യ കരാർ ഒപ്പിട്ടതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയ്ക്കുള്ള തിരിച്ചടിയെന്നോണം ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാൻ സൌദി അറേബ്യയെ ആക്രമിക്കാതിരിക്കാനാണ് രഹസ്യ കരാർ. ഇതിന് പകരമായി, നിലവിൽ ഇറാൻ എണ്ണയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ മറികടന്ന് ഇറാൻ്റെ എണ്ണ അനധികൃതമായി വിദേശത്തേക്ക് കയറ്റി അയക്കാൻ പാകിസ്ഥാൻ സൗകര്യമൊരുക്കും.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവൻ അഹമ്മദ് വാഹിദിയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനുള്ള ബിസിനസ്സ് ബന്ധമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് രഹസ്യമായി എണ്ണ കടത്തുന്നതിനുള്ള സംയുക്ത പങ്കാളിത്തം ഇരുവർക്കുമുണ്ടെന്നാണ് വിവരം.
കഴിഞ്ഞ വർഷം അവസാനം മുതൽ ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് രഹസ്യമായി എണ്ണ കടത്തുന്നതായാണ് കണ്ടെത്തൽ. അമേരിക്കൻ ഉപരോധം നിലനിൽക്കുന്നതിനാൽ ഈ നിയമ വിരുദ്ധ എണ്ണക്കച്ചവടത്തിലൂടെ ഇരുവരും വൻതോതിൽ പണം സമ്പാദിക്കുന്നതായും ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സൗദി യുദ്ധത്തിൻ്റെ ആദ്യ മാസങ്ങളിൽ മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളെപ്പോലെ സൗദി അറേബ്യക്കും നേരെയും ഇറാൻ്റെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ രഹസ്യ കരാർ നിലവിൽ വന്നതോടെ കഴിഞ്ഞ മൂന്ന് മാസമായി സൗദിക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് കാര്യമായ ആക്രമണങ്ങൾ ഒന്നുമുണ്ടായില്ല.
മൂന്ന് മാസത്തെ സമാധാനത്തിന് ശേഷം കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ സൗദിക്ക് നേരെ ഒരു മിസൈൽ തൊടുത്തുവിട്ടിരുന്നു. ഇതോടെ, ആക്രമണം തുടർന്നാൽ തങ്ങൾ തമ്മിലുള്ള സംയുക്ത എണ്ണക്കച്ചവടം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആസിം മുനീർ ഇറാൻ സൈനിക മേധാവിക്ക് കടുത്ത മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പരസ്പര പ്രതിരോധ കരാറുണ്ട്. ഇതനുസരിച്ച് ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഈ ഭീഷണിയെ തുടർന്ന് സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam