
മക്ക: ഹജ്ജ് കർമം നിർവഹിക്കാനായി 6500 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് ഭക്തൻ മക്കയിലെത്തി. ഇറാഖി-കുർദിഷ് വംശജനായ ബ്രിട്ടീഷുകാരനാണ് ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടണിൽ നിന്ന് 6,500 കിലോമീറ്റർ കാൽനടയായി നടന്ന് ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിലെത്തിയത്. നെതർലൻഡ്‌സ്, ജർമ്മനി, ഓസ്ട്രിയ, ഹംഗറി, സെർബിയ, ബൾഗേറിയ, തുർക്കി, ലെബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ നടന്നാണ് 52 കാരനായ ആദം മുഹമ്മദ് സൗദിയിലെത്തിയത്. 10 മാസവും 25 ദിവസവുമെടുത്താണ് 6,500 കിലോമീറ്റർ താണ്ടിയത്. 2021 ഓഗസ്റ്റ് 1 ന് യുകെയിൽ ആരംഭിച്ച യാത്ര കഴിഞ്ഞ മാസം സൗദി അറേബ്യയിലാണ് അവസാനിച്ചത്.
ആദം ഓരോ ദിവസവും ശരാശരി 17.8 കിലോമീറ്റർ സഞ്ചരിച്ചു. 300 കിലോഗ്രാം ഭാരമുള്ള ഉന്തുവണ്ടിയിൽ ഇസ്‌ലാമിക പാരായണങ്ങളും സ്വകാര്യ വസ്തുക്കളും സ്പീക്കറുകൾ ഘടിപ്പിച്ചിരുന്നു. സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ആദം മുഹമ്മദ് പറഞ്ഞു. യാത്ര ചെലവ് കണ്ടെത്തുന്നതിനായി GoFundMe (ഗോ ഫണ്ട് മീ) പേജും നിർമിച്ചിരുന്നു. ഇതെല്ലാം ചെയ്യുന്നത് കേവലം പ്രശസ്തിക്കോ പണത്തിനോ വേണ്ടിയല്ല, മറിച്ച് ജാതി, വർണ്ണം, മതം എന്നിവ കണക്കിലെടുക്കാതെ മനുഷ്യർ എല്ലാവരും തുല്യരാണെന്ന് ലോകത്തിന് ഉയർത്തിക്കാട്ടാനും നമ്മുടെ മതമായ ഇസ്ലാം പഠിപ്പിക്കുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും വേണ്ടിയാണെന്നും ആദം മുഹമ്മദ് പറഞ്ഞു.
ആത്മാന്വേഷണത്തിന്റെ ഫലമായിരുന്നു യാത്ര നടത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹം തന്റെ യാത്ര ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അഞ്ച് ലക്ഷം ഫോളോവേഴ്സാണ് ആദം മുഹമ്മദിന് ടിക്ടോക്കിൽ ലഭിച്ചത്. മിനയിൽ എത്തിയ ആദം മുഹമ്മദിനെ ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി സ്വീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam