
ഇറാഖില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് അവര്‍ സഹസ്ഥാപകയായ 'ഓര്‍ഗനൈസേഷന്‍ ഓഫ് വിമന്‍സ് ഫ്രീഡം ഇന്‍ ഇറാഖ്' പ്രസ്താവനയിലൂടെ അറിയിച്ചു. യാനാര്‍ മുഹമ്മദിനെതിരെ നിരന്തരം വധഭീഷണികള്‍ ഉണ്ടായിരുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ ഇറാഖ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍ ഷമ്മരി പറഞ്ഞു.
ലൈംഗിക അടിമകള്‍ക്കായി സമരം ചെയ്ത പോരാളി
അക്രമ ഭീഷണികള്‍ക്കിടയിലും, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കായി സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പുരുഷാധിപത്യ സമൂഹത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്ത വനിതാ അവകാശ പ്രവര്‍ത്തകിയായിരുന്നു യാനാര്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ യസീദി സ്ത്രീകള്‍ക്കായി നിരവധി സുരക്ഷിത കേന്ദ്രങ്ങള്‍ അവര്‍ സ്ഥാപിച്ചു. മധ്യ, ദക്ഷിണ ഇറാഖിലായി അവരുടെ സംഘടന പത്ത് സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ നിരന്തര ഭീഷണികളെ തുടര്‍ന്ന് അവയില്‍ ആറെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
ഇരുപത് വര്‍ഷത്തിലേറെയായി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യാനാര്‍. ഇറാഖി പാര്‍ലമെന്റിലും മാധ്യമങ്ങളിലും ഈ വിഷയങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്നു. തമൗലികവാദികളുടെയും സര്‍ക്കാരിന്റെയും സ്ത്രീകളോടുള്ള കര്‍ക്കശ നിയന്ത്രണങ്ങള്‍ക്കെതിരായ പോരാട്ടം ഇരുവിഭാഗങ്ങള്‍ക്കും ഇടയില്‍ അവരെ അനഭിമതയാക്കി.
പോരാട്ടങ്ങളുടെ ജീവിതം
1960 നവംബര്‍ 25-ന് ബാഗ്ദാദിലായിരുന്നു യാനാര്‍ മുഹമ്മദിന്റെ ജനനം. എഞ്ചിനീയറായ ഹസന്‍ മുഹമ്മദിന്റെയും സ്‌കൂള്‍ അധ്യാപികയായ നജിബ മുഹമ്മദിന്റെയും അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരുന്നു അവര്‍. ബാഗ്ദാദ് സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ പഠിച്ച അവര്‍ 1984-ല്‍ ബിരുദവും 1993-ല്‍ ബിരുദാനന്തര ബിരുദവും നേടി. 1991-ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം ഇറാഖിലെ ജീവിതം ദുസ്സഹമായതോടെ, 1995-ല്‍ അവര്‍ ആദ്യം ലെബനനിലേക്കും രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ ഭര്‍ത്താവിനും മകനുമൊപ്പം കാനഡയിലേക്കും പലായനം ചെയ്തു. 1998-ല്‍ ടൊറന്റോയില്‍ താമസിക്കുമ്പോള്‍ 'ഡിഫന്‍സ് ഓഫ് ഇറാഖി വിമന്‍സ് റൈറ്റ്‌സ്' എന്ന സംഘടന സ്ഥാപിച്ചു.
ലെബനോനിലും കാനഡയിലുമായി എട്ടുവര്‍ഷം പ്രവാസ ജീവിതം നയിച്ച അവര്‍ യുഎസ് സദ്ദാമിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് 2003-ല്‍ ഇറാഖില്‍ തിരിച്ചെത്തിയത്. ബാഗ്ദാദ് നഗരമധ്യത്തില്‍ 'ഓര്‍ഗനൈസേഷന്‍ ഓഫ് വിമന്‍സ് ഫ്രീഡം ഇന്‍ ഇറാഖ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ അവര്‍ ചെറിയ രീതിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ബാഗ്ദാദിലേക്ക് മടങ്ങിയെത്തിയ ശേഷം, യാനാര്‍ മുഹമ്മദ് നിരന്തര ഭീഷണികള്‍ക്ക് ഇരയായി. പരസ്യമായി ശിരോവസ്ത്രം കത്തിച്ചതിന് ശേഷം അവര്‍ക്കെതിരായ ഭീഷണി വര്‍ദ്ധിച്ചു. ഇക്കാലത്ത് കൈത്തോക്കുമായാണ് താന്‍ നടന്നിരുന്നതെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിലപ്പോഴൊക്കെ അംഗരക്ഷകന്റെ സഹായത്തോടെയാണ് യാത്ര ചെയ്തതെന്നും അവര്‍ പറഞ്ഞു.
ആര്‍ക്കും വേണ്ടാത്തവരുടെ അഭയകേന്ദ്രം
തുടക്കത്തില്‍ അവര്‍ സ്ഥാപിച്ച അഭയകേന്ദ്രത്തില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. 2012 ആയപ്പോഴേക്കും അവരുടെ സംഘടന രണ്ട് അഭയകേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭയകേന്ദ്രങ്ങള്‍ അഞ്ചായി വര്‍ദ്ധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത യസീദി സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിലാണ് അവര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. 700-ലധികം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ അവരുടെ ഇടപെടലിലൂടെ കഴിഞ്ഞു. ഇക്കാലത്ത് 'അല്‍-മൗസാവത്ത്' (സമത്വം) എന്ന പേരില്‍ ഒരു ഫെമിനിസ്റ്റ് പത്രവും അവര്‍ ആരംഭിച്ചു.
അഭയകേന്ദ്രങ്ങള്‍ സ്ഥാപിച്ചതോടെ അവര്‍ പലരുടെയും കണ്ണിലെ കരടായി മാറി. പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കുടുംബങ്ങള്‍, ഗോത്രവിഭാഗങ്ങള്‍, മതരാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാരിന്റെ ചില വിഭാഗങ്ങള്‍ എന്നിവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകളുണ്ടായി. കുടുംബത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കി എന്ന് ആരോപിച്ച് ബന്ധുക്കള്‍ നടത്തുന്ന അഭിമാനക്കൊലകള്‍ ഇറാഖില്‍ സാധാരണമാണ്. ഇത്തരം കൊലപാതകങ്ങള്‍ കോടതിയില്‍ എത്തിയാലും പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. ഈ അവസ്ഥ മാറ്റുന്നതിനായി അവര്‍ നിയമസഹായ വേദി രൂപവല്‍കരിച്ചും പ്രവര്‍ത്തിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇറാഖ് സര്‍ക്കാരില്‍ അവര്‍ക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു. രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ഇപ്പോഴും മതമൗലികവാദികള്‍ക്ക് കീഴടങ്ങി കഴിയുകയാണെന്ന് അവര്‍ വിമര്‍ശിച്ചു.
2011-ലും 2019-ലും നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അവര്‍ സജീവമായി പങ്കെടുത്തു. ഇറാഖിലെ യുഎസ് സാന്നിധ്യത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന അവര്‍, 2017-ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ പുരസ്‌കാരം നിരസിച്ചു. 2008-ല്‍ ഗ്രൂബര്‍ ഫൗണ്ടേഷന്‍ വിമന്‍സ് റൈറ്റ്‌സ് പ്രൈസും, 2016-ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊഫസര്‍ തോറോള്‍ഫ് റാഫ്‌റ്റോ മെമ്മോറിയല്‍ പ്രൈസും ലഭിച്ചു.
ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത പോരാളി
2023-ല്‍ അവര്‍ക്ക് താല്‍ക്കാലികമായി വീണ്ടും കാനഡയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. മനുഷ്യക്കടത്ത് ആരോപിച്ച് ഇറാഖ് സര്‍ക്കാര്‍ അവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായിരുന്നു കാരണം. താന്‍ ഏത് ചൂഷണത്തില്‍ നിന്നാണോ സ്ത്രീകളെ സംരക്ഷിക്കുന്നത്, അതേ കുറ്റം തന്നെയാണ് തന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഇറാഖിലെ വിവാദമായ 'പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിന്' എതിരെ അവരും സഹപ്രവര്‍ത്തകരും ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിയമത്തില്‍ ചില വിട്ടുവീഴ്ചകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഒന്‍പത് വയസ്സില്‍ വിവാഹം കഴിക്കാമെന്ന നിര്‍ദ്ദേശം ഒഴിവാക്കപ്പെട്ടു. 2025-ല്‍ ഈ നിയമം പാസാക്കപ്പെട്ടപ്പോള്‍, 15 വയസ്സിലെ വിവാഹത്തിനും ബഹുഭാര്യത്വത്തിനും അത് നിയമസാധുത നല്‍കി.
വിവാഹമോചിതയായ ശേഷം രണ്ടാമതും വിവാഹം കഴിച്ചു. ഭര്‍ത്താവ്, മകന്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു അവര്‍.
അടുത്ത കാലത്തായി, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന്റെ പേരില്‍ ഇറാഖിലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ വലിയ അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ താന്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് യാനാര്‍ മുഹമ്മദ് ബോധവതിയായിരുന്നു. എങ്കിലും ഇറാഖിലെ പരമ്പരാഗത പുരുഷാധിപത്യ കേന്ദ്രങ്ങളെ വെല്ലുവിളിക്കാന്‍ തനിക്ക് ഭയമില്ലെന്ന് യാനാര്‍ മുഹമ്മദ് ഉറപ്പിച്ചു പറഞ്ഞു. 'മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിങ്ങളെ തടയാനായി സര്‍ക്കാര്‍ ആദ്യം അപവാദ പ്രചാരണങ്ങള്‍ നടത്തും, പിന്നീട് കേസുകള്‍ കെട്ടിച്ചമയ്ക്കും, ഇതൊന്നും ഫലിച്ചില്ലെങ്കില്‍, അവര്‍ നിങ്ങളെ തട്ടിക്കൊണ്ടുപോയി വധിക്കും.' -അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞതാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam