
സ്വന്തമായി ഒരു ഇസ്ലാമിക രാഷ്ട്രം( ഖിലാഫത്ത് രാഷ്ട്രം) സ്വയം സ്ഥാപിച്ച സായുധ ഗ്രൂപ്പാണ് ഐഎസ്ഐഎസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ്. ലോകത്ത് ഏറ്റവും അധികം വിപുലമായ തീവ്രവാദ ഗ്രൂപ്പുകളില്‍ ഒന്ന് ഇന്ന് ഐഎസ്ഐഎസ് ആണ്. അതിനെ നയിക്കുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ബാഗ്ദാദിയുടെ സങ്കേതം വ്യക്തമായി മനസിലാക്കുകയും അമേരിക്കന്‍ പ്രതിരോധ വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1971 ല്‍ ഇറഖിലെ സാമ്രയിലെ ഒരു ഇടത്തരം സുന്നി കുടുംബത്തിലായിരുന്നു ബാഗ്ദാദിയുടെ ജനനം. ഇസ്ലാമിക് സ്റ്റഡീസില്‍ 1996 ല്‍ ബാഗ്ദാദില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് തന്‍റെ ബിരുദാനന്തബിരുദവും പിഎച്ച്ഡിയും ഖുറാന്‍ സ്റ്റഡീസില്‍ പൂര്‍ത്തിയാക്കി. തന്‍റെ പ്രദേശത്തെ കുട്ടികള്‍ക്കും പ്രദേശത്തെ പള്ളിയിലും ഖുറാന്‍ പഠങ്ങള്‍ പകര്‍ന്നു നല്‍കി. പിന്നീട് ഒരു ബന്ധുവിന്‍റെ സ്വാധീനത്തില്‍ തീവ്രമുസ്‍ലിം വാദങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പിന്നീട് തീവ്ര മുസ്‍ലിം വിഭാഗത്തിന്‍റെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളായി ബാഗ്ദാദി മാറി. 2014ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി സ്വയം അവരോധിക്കുകയായിരുന്നു അദ്ദേഹം.
2014 ജൂൺ 9 ന് ഐഎസ്ഐസ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ആക്രമിച്ചു. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഇവരുടെ അധീനതയിലായി. തുടർദിവസങ്ങിൽ വടക്ക് കിഴക്കൻ ഇറാഖിലെ വലിയൊരു പ്രദേശം ഇവൻ കീഴടക്കി. എല്ലായിടത്തുനിന്നും ഇറാഖി സൈന്യം പാലായനം ചെയ്തു. 2014 ജൂൺ 29ന് തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫ ആയി തെരെഞ്ഞെടുതതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയതായും പ്രഖ്യാപിച്ചു. 2017 മേയില്‍ വ്യോമാക്രണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നേരത്തെ യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെങ്കിലും ജീവനോടെ പിടികൂടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ അധികരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന സ്ഥിരീകരണം ഇതുവരേയും ഉണ്ടായിട്ടില്ല. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പിന്നീടാവും സ്ഥിരീകരണമുണ്ടാകുക.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. പ്രഭലശക്തിയായ ഐഎസ്ഐഎസിന്‍റെ തലവന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വരുമ്പോള്‍ അതിന് സ്ഥിരീകരണമായാല്‍ ആഗോളതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്‍ക്കുന്ന വലിയ തിരിച്ചടിയാകും. അതേ സമയം ട്രംപ് ഭരണകൂടത്തിനും ഡൊണാള്‍ഡ് ട്രംപിനും ഇത് ഇനിവരുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ വലിയ സാധ്യതയാണ് തുറന്നിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam