
ടെഹ്റാൻ : പശ്ചിമേഷ്യ വീണ്ടും അശാന്തം. യുദ്ധം കടുക്കുന്നു. ഇസ്രയേലിന് നേരെ ഇറാൻ അതിശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേൽ, ഇറാൻ നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ ടെഹറാൻ, തബ്റീസ്, ഇസ്ഫഹൻ, കറാജ് എന്നീ നഗരങ്ങളിൽ തുടർ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ആൾനാശത്തെക്കുറിച്ചോ ആക്രമണം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.
അതേ സമയം, ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വൻ വ്യോമാക്രമണമാണ് ഇറാനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ജനവാസ മേഖലയായ ദഹിയേയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗർഭ ഓപ്പറേഷൻ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണം. ഇറാൻ തിരിച്ചടിച്ചതോടെ ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും ഇസ്രായേൽ ആക്രമണം. നടത്തി. ജനവാഹ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്.
വ്യോമപാതകൾ അടച്ചു
മേഖലയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു. ഇസ്രായേലിന് നേരെ മിസൈൽ വർഷം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാൻ തങ്ങളുടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തിന് മുകളിലുള്ള വ്യോമപാത അടച്ചത്. ലെബനന് നേരെ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിനുള്ള മറുപടിയായാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam