എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് കോടതിയിൽ തിരിച്ചടി. കോൺഗ്രസിന്റെ അനുമതിയില്ലാത്ത ഈ ഫീസ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. ഈ വിധി ഇന്ത്യൻ അപേക്ഷകർക്കും ടെക് കമ്പനികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
എച്ച്-1ബി (H-1B) വിസ നിയന്ത്രണങ്ങളിൽ ട്രംപ് ഭരണകൂടത്തിന് വൻ തിരിച്ചടി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദേശ തൊഴിലാളികളുടെ വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യാൻ ബോസ്റ്റണിലെ ഫെഡറൽ അപ്പീൽ കോടതി വിസമ്മതിച്ചു.
20 ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് ഈ നിർണായക വിധി. യു.എസ്. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് തികച്ചും നിയമവിരുദ്ധമായ ഒരു നികുതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂൺ 8-ന് ലോവർ കോടതിയാണ് നിർദ്ദേശം റദ്ദാക്കിയത്. ഇതിനെതിരെ ട്രംപ് ഭരണകൂടം നൽകിയ അപ്പീലാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള 1st യു.എസ്. സർക്യൂട്ട് അപ്പീൽ കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റുമാർ നിയമിച്ച മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഐ.ടി മേഖലയടക്കം വൻകിട ടെക് കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്-1ബി വിസകളെയാണ്. നിലവിൽ പ്രതിവർഷം 65,000 സാധാരണ വിസകളും, ഉന്നത ബിരുദധാരികൾക്കായി 20,000 അധിക വിസകളുമാണ് യു.എസ്. അനുവദിക്കുന്നത്.
മുമ്പ് 2,000 മുതൽ 5,000 ഡോളർ വരെ മാത്രം ഉണ്ടായിരുന്ന അപേക്ഷാ ഫീസാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഒരൊറ്റ പ്രഖ്യാപനത്തിലൂടെ ട്രംപ് 1 ലക്ഷം ഡോളറായി കുത്തനെ കൂട്ടിയത്. കുറഞ്ഞ വേതനത്തിൽ വിദേശികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ കവരുന്നു എന്നതായിരുന്നു ഇതിനായി ട്രംപ് ഉന്നയിച്ച ന്യായം.
എന്നാൽ ഈ വിഷയത്തിൽ ശ്രദ്ധേയമായ ചില കാര്യങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്. നിലവിൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് എച്ച്-1ബി വിസയിലേക്ക് മാറുമ്പോൾ ഈ ലക്ഷം ഡോളർ ഫീസ് ബാധകമല്ല. അമിത ഫീസ് കാരണം വളരെ കുറച്ച് തൊഴിലുടമകൾ മാത്രമേ ഇതുവരെ ഈ തുക അടച്ചിട്ടുള്ളൂ.
തങ്ങൾ അധികാരപരിധി ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്നാണ് കോടതിയുടെ നിരീക്ഷണം. അപ്പീൽ കോടതി വിധി തിരിച്ചടിയായ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കേസ് സുപ്രീം കോടതിയിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
എച്ച്-1ബി അപേക്ഷകള്‍ക്ക് 1,00,000 ഡോളര്‍ (ഏകദേശം 96 ലക്ഷത്തിലധികം രൂപ) അധിക ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യന്‍ അപേക്ഷകരിലും കമ്പനികളിലും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റിന് ഇത്തരം ഒരു തുക നികുതിയായി ചുമത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഫെഡറല്‍ കോടതി കഴിഞ്ഞ മാസം ഈ ഫീസ് നിര്‍ദ്ദേശം റദ്ദാക്കുകയും ചെയ്തിരുന്നു.
വിസ നിയമങ്ങള്‍ കര്‍ശനമാക്കിയെങ്കിലും പ്രമുഖ ടെക് കമ്പനികള്‍ ഇപ്പോഴും എച്ച്-1ബി വിസകളെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. 9,000-ത്തിലധികം വിസ അനുമതികളോടെ ആമസോണ്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഏറ്റവും കൂടുതല്‍ വിസകള്‍ ലഭിച്ച ആദ്യ 10 കമ്പനികളുടെ പട്ടികയില്‍ ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ ആഗോള ഭീമന്മാര്‍ക്കൊപ്പം ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, കോഗ്‌നിസന്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.


