
കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എംബ്രയർ ഇആർജെ-145 വിമാനം തകർന്നു. ലാൻഡിങ്ങിൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കത്തിയമരുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. രാജ്യത്തെ ഖനി മന്ത്രി ലൂയിസ് വാട്ടം കബാംബയെ ലുവാലബയും സംഘവും സഞ്ചരിച്ച ചാർട്ടേഡ് വിമാനമാണ് കത്തിയത്. കൊബാൾട്ട് ഖനിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും മന്ത്രിയും സംഘവും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. വാൽ ഭാഗത്താണ് തീ പടര്‍ന്നത്.
തീ വ്യാപിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. കോംഗോയിലെ ബിപിഇഎ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വിമാന തീപിടുത്തത്തിൽ മന്ത്രിയും 20 പേരടങ്ങുന്ന ഒരു സംഘവും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി കബാംബയുടെ വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ പാലം തകര്‍ന്ന് 32 പേര്‍ മരിച്ച സ്ഥലത്തേക്ക് പോകുകയായിരുന്നു മന്ത്രിയും സംഘവുമെന്നും അധികൃതര്‍ പറഞ്ഞു.