
ഗാസ പിടിച്ചെടുക്കാൻ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഗാസയിൽ കരയുദ്ധം ആരംഭിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ചൊവ്വാഴ്ച ആരംഭിച്ച ബോംബാക്രമണത്തിൽ കത്തുകയാണ് ഗാസ. ആക്രമണത്തിൽ ഇതിനോടകം 65ലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ബോംബാക്രമണത്തിൽ അവശേഷിക്കുന്ന കെട്ടിടങ്ങളും വീടുകളും തകർന്നടിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്ഫോടക വസ്തുക്കൾ നിറച്ച ടാങ്കുകളും റിമോർട്ട് കൺട്രോളിലുള്ള കവചിത കാറുകളും ഇസ്രയേൽ ഗാസയുടെ തെരുവുകളിലേക്ക് അയച്ചു. ഏറെക്കാലമായി ഭീഷണിയായി നിലനിന്നിരുന്ന കരയുദ്ധമാണ് അന്താരാഷ്ട്ര എതിർപ്പുകൾക്ക് ഇടയിലും ഇസ്രയേൽ നടപ്പിലാക്കുന്നത്. ഗാസ കത്തുന്നു എന്നും ഭീകര കേന്ദ്രങ്ങളെ സൈന്യം ഇരുമ്പുമുഷ്ടി ഉപയോഗിച്ച് തകർക്കും എന്നുമാണ് ചൊവ്യാഴ്ച അതിരാവിലെ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി എക്സിൽ കുറിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.
ആക്രമണം കനത്തതോടെ ഗാസയിൽനിന്നും കൂട്ടപ്പലായനവും ആരംഭിച്ചു. ഗാസയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ചവർക്ക് പോലും നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ഒന്നര ലക്ഷം പലസ്തീനികൾ ഗാസയിൽനിന്നും തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്തെന്നാണ് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നത്. പലായനത്തിനായി ആകെ തുറന്ന് നൽകിയിരിക്കുന്ന അൽ റഷീദ് സ്ട്രീറ്റ് മനുഷ്യരെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്.
ഗാസയിൽ പലസ്തീനുകാർക്കുനേരെ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് യുഎൻ അന്വേഷണ കമ്മിറ്റിയും ആരോപിച്ചു. 2023ൽ ഇസ്രയേൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും രൂക്ഷമായ ദിവസങ്ങളിലൂടെയാണ് നിലവിൽ ഗാസ കടന്നുപോകുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1948ലെ ജെനോസൈഡ് കൺവൻഷൻ പ്രകാരം വംശഹത്യയെന്ന് നിർവചിക്കുന്ന അഞ്ച് കാര്യങ്ങളിൽ നാലെണ്ണവും ഗാസയിൽ അരങ്ങേറിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു വിഭാഗത്തിലെ ഭൂരിപക്ഷം മനുഷ്യരെയും കൊലപ്പെടുത്തുക, അവരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുക, ഒരു വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ട് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, അവരുടെ ജനനം തടയുക എന്നിവ ഇസ്രയേൽ ഗാസയിൽ നടത്തിക്കഴിഞ്ഞെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്രയേലി സേനയുടെ പ്രവർത്തന രീതിയും നേതാക്കളുടെ പ്രസ്താവനകളും കൃത്യമായി ചൂണ്ടിക്കാട്ടിയാണ് വംശഹത്യയാണ് നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്.
ഗാസയിൽ ഇതിനോടകം 64,964 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ശേഷിക്കുന്നവരിൽ ഭൂരിഭാഗം പേരും അഭയമോ ആശ്രയമോ ഇല്ലാത്ത അവസ്ഥയിലുമാണ്. 90 ശതമാനം വീടുകളും തകർക്കപ്പെടുകയോ കനത്ത രീതിയിൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മരുന്ന്, വെള്ളം, അവശ്യവസ്തുക്കൾ എന്നിവയുടെ വിതരണം താറുമാറായിക്കഴിഞ്ഞു. യുഎൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭക്ഷസുരക്ഷാ വിഭാഗം ഗാസാ സിറ്റി കടുത്ത ക്ഷാമത്തിലാണെന്ന് വ്യക്തമാക്കി. ഗാസയിൽനിന്നുള്ള പട്ടിണി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
കരയുദ്ധംകൂടി ആരംഭിച്ചതോടെ ഗാസയിൽ ശേഷിക്കുന്നവരോട് നഗരം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. മരണത്തിൽനിന്ന് മരണത്തിലേക്കാണ് എന്ന ബോധ്യത്തോടെയാണ് ഈ പലായനം. എലികൾക്കും ക്ഷുദ്രജീവിൾക്കും ഇടയിൽ വേനലിന്റെ കൊടുംചൂടിലും ശേഷം മരംകോച്ചുന്ന തണുപ്പിലും ടെന്റുകളിലേക്ക് ചുരുങ്ങുകയാണ് ഈ മനുഷ്യർ. മരണം കാത്ത് ഗാസയിൽ തുടരുന്നതും മരണത്തിലേക്ക് എന്നപോലെ പലായനം ചെയ്യുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്നാണ് ഇവരിൽ പലരും ചോദിക്കുന്നത്.
കരയുദ്ധം ആരംഭിച്ചെന്ന വാർത്തകൾ പുറത്തുന്ന സമയത്ത് നെതന്യാഹു ടെൽ അവീവിൽ തന്റെ മേലുള്ള അഴിമതികേസിന്റെ വാദം കേൾക്കുകയായിരുന്നെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഹമാസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ ഇസ്രയേലിന് പൂർണപിന്തുണ അറിയിച്ചതിന് പിന്നാലെയാണ് കരയുദ്ധം ആരംഭിച്ചത്. ആക്രമണത്തിന് പിന്നാലെ ഹമാസിനെ കുറ്റപ്പെട്ടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.