കറുത്ത കുതിരകളായി അറബ് പാർട്ടികൾ, ഇസ്രയേലിൽ ഇഞ്ചോടിഞ്ച്; അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയുമായി നെതന്യാഹുവിന്റെ പാർട്ടി

Published : Oct 29, 2026, 01:37 AM IST
israel election netanyahu eisenkot

Synopsis

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 26 സീറ്റുകളിലാണ് ലികുഡ് പാർട്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തെ യാഷർ പാർട്ടി 21 സീറ്റുകളിലും മുന്നേറുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോയിന്റ് ലിസ്റ്റ്, റാ ആം ഉൾപ്പെടെയുള്ള അറബ് പാർട്ടികളുടെ നിലപാടും ഇസ്രയേലിൽ നിർണായകമാവുകയാണ്.

ജെറുസലേം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 88 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ പാർട്ടിയായ ലികുഡ് പാർട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യത്തിന് 53 സീറ്റുകളിൽ മുന്നേറ്റം. മുൻ സൈനിക മേധാവിയായ ​ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലാണ് മുന്നേറുന്നത്. അഞ്ച് സീറ്റിന്റെ ലീഡാണ് ഭരണസഖ്യത്തിനുള്ളത്. അറബ് പാർട്ടികൾ 19 സീറ്റുകളിലും മുന്നേറുന്നു. അതേസമയം, വോട്ടെണ്ണൽ ഇത്രയും പിന്നിട്ടിട്ടും ആർക്കും കേവലഭൂരിപക്ഷമായ 61 സീറ്റിലെത്താനായിട്ടില്ല.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 26 സീറ്റുകളിലാണ് ലികുഡ് പാർട്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തെ യാഷർ പാർട്ടി 21 സീറ്റുകളിലും മുന്നേറുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെയും റാ ആം ഉൾപ്പെടെയുള്ള അറബ് പാർട്ടികളുടെ നിലപാടും ഇസ്രയേലിൽ നിർണായകമാവുകയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിറിച്ചതായി ആരോപിച്ച് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി രം​ഗത്തെത്തി. അറബ് പാർട്ടികൾ വോട്ടെടുപ്പിൽ വ്യാപകമായ തട്ടിപ്പുകൾ നടത്തിയതായാണ് ലികുഡ് പാർട്ടിയുടെ ആരോപണം. കൈക്കൂലി, ഭീഷണിപ്പെടുത്തൽ, അക്രമം, വ്യാജരേഖ ചമയ്ക്കൽ, കള്ളവോട്ട് തുടങ്ങിയവയിലൂടെയാണ് അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും ലികുഡ് പാർട്ടി ആരോപിക്കുന്നു. വിഷയത്തിൽ ഇസ്രയേലിന്റെ ആഭ്യന്തര അന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും പൊലീസും അന്വേഷണം നടത്തണമെന്നും ലികുഡ് പാർട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട നൂറുകണക്കിന് തെളിവുകൾ പൊലീസിനും ഷിൻ ബെറ്റിനും സെൻട്രൽ ഇലക്ഷൻ കമ്മിറ്റിക്കും നൽകിയതായും ലികുഡ് പാർട്ടി അറിയിച്ചു. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാ​ഗമായി ലികുഡ് പാർട്ടിയുടെ പരാതി പരിശോധിച്ചുവരികയാണെന്ന് സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയും അറിയിച്ചു.

അതിനിടെ, നെതന്യാഹു വീണ്ടും ഭരണത്തിലേറുന്നത് തടയാനായി അറബ് പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ആലോചനകളും വിവിധ പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ചു. പ്രതിപക്ഷ സഖ്യം സർക്കാരുണ്ടാക്കാൻ അറബ് പാർട്ടികളുടെ പിന്തുണ തേടണമെന്ന് പ്രതിപക്ഷ പാർട്ടികളിലൊന്നായ ഡെമോക്രാറ്റ്സ് പാർട്ടിയുടെ നേതാവ് യായിർ ​ഗോലാൻ പ്രതികരിച്ചു. വിവിധ പാർട്ടി നേതാക്കളായ​ ​ഗാഡി ഐസൻകോട്ടുമായും യായിർ ലാപിഡുമായും താൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷസഖ്യവുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റിന്റെ ചെയർമാൻ യൂസഫ് ജബരീനും വ്യക്തമാക്കി. നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യംകുറിക്കാൻ സഹായിക്കാനായി തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞ ശേഷമാണ് സൈനികരും നയതന്ത്ര ഉദ്യോ​ഗസ്ഥരും വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുക. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ ഈ ബാലറ്റുകളും എണ്ണിത്തുടങ്ങും. അടുത്തദിവസം വൈകിട്ടോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. തുടർന്ന് നവംബർ നാലിനായിരിക്കും ഫലപ്രഖ്യാപനം. 120 സീറ്റുകളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ 61 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ​ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലായിരുന്നു പ്രധാനമത്സരം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും ഹമാസ് ആക്രമണവും ഇസ്രയേലിന്റെ സൈനിക നടപടികളുമായിരുന്നു. ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരേ രാജ്യം സ്വീകരിച്ച സൈനിക നടപടികളും സൈനിക വിജയങ്ങളും ഉയർത്തിക്കാട്ടിയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷമായ ലികുഡ് പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. എന്നാൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചയടക്കമാണ് പ്രതിപക്ഷനേതാവായ ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയായ യാഷർ പാർട്ടിയും പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയത്. 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്ത ഒക്ടോബർ 7 ആക്രമണത്തിൽ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുമെന്നതാണ് ഐസൻകോട്ടിന്റെ പ്രധാന വാ​ഗ്ദാനം. ഇതിനൊപ്പം ​ഗാസയുടെ ഭാവി, യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിശ്വ വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹിക്ക് വീണ്ടും ജയിൽ ശിക്ഷ വിധിച്ച് ഇറാനിലെ കോടതി; കുറ്റം വെളിപ്പെടുത്തിയില്ല
സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്