
ടെല്‍ അവീവ്: ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുന്‍ബെ അടക്കമുള്ളവരെ നാടുകടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. ഗ്രെറ്റയും സംഘവും അവശ്യ സാധനങ്ങളുമായി എത്തിയ 'ഗ്ലോബൽ സുമുദ്' ബോട്ടുകൾ ഇസ്രയേൽ കസ്റ്റഡിയിലെടുത്തിരുന്നു. ഗ്രെറ്റയെയും സംഘത്തെയും ഇസ്രയിലേക്ക് കൊണ്ടുപോയി. ഇവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. തങ്ങളുടെ കസ്റ്റഡിയിലുള്ള ഗ്രെറ്റ ത്യുന്‍ബെയുടേയും സഹപ്രവർത്തകരുടേയും ചിത്രങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിരുന്നു.
പട്ടിണികൊണ്ട് വറുതിയിലായ ഗാസയിലെ ജനങ്ങൾക്ക് സഹായവുമായാണ് 'ഗ്ലോബൽ സുമൂദ്' ഫ്ലോട്ടില്ല എന്ന 45 ബോട്ടുകളടങ്ങിയ സംഘം യാത്ര പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെയുള്ളവരുടെ സംഘമാണ് ബോട്ടുകളിൽ ഉണ്ടായിരുന്നത്. സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് കഴിഞ്ഞ മാസമാണ് സംഘം യാത്ര തിരിച്ചത്. ഇന്ന് രാവിലയോടെ ബോട്ട് വ്യൂഹം ഗാസയിൽ എത്തിച്ചേരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ബുധനാഴ്ച രാത്രി എട്ടരയോടെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഇസ്രയേൽ സൈന്യം ഗ്രറ്റയും സംഘവുമെത്തിയ ബോട്ടുകൾ തടഞ്ഞത്. ബോട്ടുകൾ പിടിച്ചെടുത്ത വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതാരാണെന്നും ഇവരെ ഇസ്രയേൽ തുറമുഖത്തേക്ക് മാറ്റി അതത് നാടുകളിലേക്ക് നാടുകടത്തുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.