
ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇറാൻ. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേൽനോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇറാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും ഇറാൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ ആണവായുധം ഉണ്ടാക്കാതിരിക്കാൻ ഇറാൻ ദീര്‍ഘനാളായി വാദിക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റ് മേഖലയിൽ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേൽ ആണെന്നും ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇറാനുമായി യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ജനീവയിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഇറാൻ ഐക്യരാഷ്ട്ര സഭയോട് വ്യക്തമാക്കിയത്.
അതേസമയം, ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ആണവോർജ ഏജൻസി രംഗത്തെത്തി. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ച്ചയുണ്ടാക്കിയെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കി.
അതേസമയം, നടപടികള്‍ നിയമാനുസൃതമെന്ന് യുഎന്നിൽ ഇസ്രയേൽ അറിയിച്ചു.പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ കഴിയും. ദീർഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചു. ഇസ്രയേൽ -ഇറാൻ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയത്.