ഇറാനെതിരായ ആക്രമണം; അമേരിക്കയും പങ്കുചേരുമെന്ന സൂചന ശക്തം, ഡൊണാൾഡ് ട്രംപിന്‍റെ നീക്കം ഉറ്റുനോക്കി ലോകം

Published : Jun 18, 2025, 12:37 PM ISTUpdated : Jun 18, 2025, 12:44 PM IST
donald trump on iran

Synopsis

ഇറാൻ ആണവായുധം ഉണ്ടാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെന്നും അത് അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

വാഷിംഗ്ടണ്‍: ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിൽ അമേരിക്കയും പങ്കുചേരുമെന്ന സൂചന ശക്തം. ഇറാൻ ആണവായുധം ഉണ്ടാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെന്നും അത് അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നും പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പ്രഖ്യാപിച്ചു. രാത്രിയിൽ ഉടനീളം തെഹ്റാനിൽ ഇസ്രയേലിന്റെ ആക്രമണം തുടർന്നു. ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ വീണ്ടും മിസൈലുകൾ തൊടുത്തു.

എല്ലാ കണ്ണുകളും അമേരിക്കയിലും ഡൊണാൾഡ് ട്രംപിലുമാണ്. ട്രംപിന് മുന്നിൽ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന്: ഇതുവരെ നിന്നതുപോലെ ആക്രമണത്തിൽ പങ്കുചേരാതെ തന്നെ ഇറാനുമേൽ സമ്മർദ്ദം തുടരാം. രണ്ട്: ഫോർദോ അടക്കം ഇറാന്റെ ആണവോർജ കേന്ദ്രങ്ങളുടെ ഭൂഗർഭ അറകൾ തകർക്കാനുള്ള ആയുധ സഹായം മാത്രം നൽകാം. അല്ലെങ്കിൽ പൂർണ്ണമായി ഇസ്രയേലിന് ഒപ്പം കൂടി ഇറാനുമേൽ ആഞ്ഞടിക്കാം. ഉപാധികൾ ഇല്ലാതെ കീഴടങ്ങണം എന്ന ട്രംപിന്റെ മുന്നറിയിപ്പ് ഇറാൻ പരമോന്നത നേതാവ് തള്ളി കഴിഞ്ഞു. ശത്രുവിനോട് ഒരു കരുണയും ഉണ്ടാവില്ലെന്നും യഥാർത്ഥ യുദ്ധം ആരംഭിക്കുന്നതെ ഉള്ളുവെന്നുമാണ് ആയത്തുല്ല അലി ഖമനേയിയുടെ പ്രതികരണം. ഈ സാഹചര്യത്തിൽ ട്രംപ് ഏത് വഴി സ്വീകരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

ഇറാന്റെ ഭൂഗർഭ ആണവ സംവിധാനങ്ങൾ തകർക്കാൻ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകൾ നൽകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് ചുറ്റും ഗൾഫ് മേഖലയിൽ അമേരിക്കയ്ക്ക് ഒട്ടേറെ സൈനിക താവളങ്ങൾ ഉണ്ട്. ഇവിടങ്ങളിലേക്ക് കൂടുതൽ സൈനികരെ എത്തിക്കുന്ന യുഎസ് പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഇറാനെ ആക്രമിക്കുന്നതിൽ നേരിട്ട് പങ്കാളിയാകാനോ എന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയിലും അമേരിക്കൻ ഭരണകൂടത്തിലും എതിർ അഭിപ്രായങ്ങളും ഉയരുന്നത് ആണ് ട്രംപിനെ ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു ഘടകം. അതെ സമയം ഇറാന്റെ മിസൈൽ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായെങ്കിലും ലക്ഷ്യത്തിൽ എത്തും മുൻപ് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.

ഇസ്രയേലിന്റെ ആക്രമണങ്ങളിൽ ഇറാനിലെ നതാൻസ് ആണവോർജ കേന്ദത്തിന്റെ ഭൂഗർഭ അറകളിൽ കാര്യമായ നാശം ഉണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി പറയുന്നു. എന്നാൽ ഇസ്ഫഹാൻ, ഫോർദോ അടക്കം മറ്റു കേന്ദ്രങ്ങളിൽ ഭൂഗർഭ ആണവോർജ സംവിധാനങ്ങൾക്ക് തകരാറില്ല. ഇന്നലെ രാത്രിയും ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിലും ആണവോർജ കേന്ദ്രങ്ങളിലും ഇസ്രായേൽ കനത്ത ആക്രമണം നടത്തി. ടെഹ്റാനിൽ ഇറാന്റെ മിസെയിൽ നിർമാണ കേന്ദ്ര തകർത്തതായി ഇസ്രായേൽ പറഞ്ഞു. ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയ ആയത്തുല്ല അലി ഖമനേയി ഇറാൻ വിപ്ലവസേനയ്ക്ക് പൂർണ്ണ അധികാരം നൽകിയതായി റിപ്പോർട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്