
ജെറുസലേം: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്‍റേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുന്നത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലെബനോനിൽ വീണ്ടും ഇസ്രയേലി വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം
വെടിനിർത്തൽ നിർദ്ദേശം നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തു. ലെബനൻ - ഇസ്രയേൽ വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന തെക്കൻ ലെബനോനിലെ മുപ്പതു കിലോമീറ്റർ മേഖലയിൽ നിന്ന് ഹിസ്ബുല്ലയും പിന്മാറും എന്നിവയാണ് കരാറിലെ മുഖ്യ നിബന്ധനകൾ. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാർ. കരാർ ഇരുപക്ഷവും പാലിക്കുന്നു എന്നുറപ്പാക്കാൻ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങിയ നിരീക്ഷണ സമിതി ഉണ്ടാക്കും. യു എസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പ്രതിനിധി ലബനോനും ഇസ്രയേലും സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തൽ യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. സംഘർഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകൾ തുടരുന്നതായും നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് 60 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപനം വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam