
ടെൽ അവീവ് : ഒമ്പതാം ദിനവും പരസ്പരം ആക്രമണം തുടർന്ന് ഇസ്രായേലും ഇറാനും. ഇസ്ഫഹാൻ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ആണവ നിലയം ആക്രമിക്കരുതെന്ന് ഇന്നലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിയാണ് ഇസ്രയേലിന്റെ ആക്രമണം.
ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. അഹ്വാസിലും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാന്റെ സൈബർ യൂണിറ്റിന്റെ കെട്ടിടം തകർത്തതായും ഇസ്രയേൽ അറിയിച്ചു.
ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി പിൻഗാമിയെ തീരുമാനിച്ചെന്നും റിപ്പോർട്ടുണ്ട്. മൂന്നുപേരുടെ പട്ടിക പിൻഗാമിയെ തീരുമാനിക്കാനുള്ള വിദഗ്ധസമിതിക്ക് നൽകിയതായാണ് വിവരം. പട്ടികയിൽ ഖമനയിയുടെ മകന്റെ പേരില്ലെന്നാണ് സൂചന.
ഇസ്രയേൽ ഇറാൻ യുദ്ധത്തിൽ ഇടപെടുന്നതിൽ തീരുമാനം നേരത്തെ ഉണ്ടാകുമെന്നാണ് ഇന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ രണ്ടാഴ്ചക്ക് ശേഷം തീരുമാനമെന്നായിരുന്നു ട്രംപ് അറിയിച്ചത്. അമേരിക്കയുടെനീക്കം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.
യുറോപ്യൻ യൂണിയൻ നേതാക്കൾക്കും ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക
ഇസ്രയേൽ - ഇറാൻ സംഘർഷം ഒഴിവാക്കാനുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്ന യുറോപ്യൻ യൂണിയൻ നേതാക്കൾക്കും ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക. ജനീവയിൽ നടന്ന ചർച്ചകൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ തന്നെ ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക വ്യക്തമാക്കി രംഗത്തെത്തി. ആണവ സമ്പുഷ്ടീകരണത്തെ കുറിച്ച് ഇറാൻ ഉറപ്പ് നൽകണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. സമാധാന ആവശ്യങ്ങൾക്കാണ് ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഉറപ്പ് നൽകണമെന്ന് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഇറാൻ പ്രസിഡണ്ടിനെ അറിയിച്ചതായും മക്രോൺ വ്യക്തമാക്കി. ഫോണിലൂടെയുള്ള ചർച്ചക്കിടെയാണ് ഇക്കാര്യം പങ്കുവച്ചതെന്നും ഫ്രഞ്ച് പ്രസിഡന്‍റ് വിവരിച്ചു.