ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഫ്രാൻസ്, 'സമാധാന ആവശ്യങ്ങൾക്കാണ് ആണവ സമ്പുഷ്ടീകരണമെന്ന് ഉറപ്പ് നൽകണം'

Published : Jun 21, 2025, 08:49 PM ISTUpdated : Jun 21, 2025, 10:22 PM IST
Emmanuel Macron

Synopsis

ഇറാന്റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഇറാൻ പ്രസിഡണ്ടിനെ അറിയിച്ചതായും മക്രോൺ വ്യക്തമാക്കി

പാരിസ്: ഇസ്രയേൽ - ഇറാൻ സംഘർഷം ഒഴിവാക്കാനുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്ന യുറോപ്യൻ യൂണിയൻ നേതാക്കൾക്കും ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക. ജനീവയിൽ നടന്ന ചർച്ചകൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ തന്നെ ഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക വ്യക്തമാക്കി രംഗത്തെത്തി. ആണവ സമ്പുഷ്ടീകരണത്തെ കുറിച്ച് ഇറാൻ ഉറപ്പ് നൽകണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. സമാധാന ആവശ്യങ്ങൾക്കാണ് ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഉറപ്പ് നൽകണമെന്ന് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഇറാൻ പ്രസിഡണ്ടിനെ അറിയിച്ചതായും മക്രോൺ വ്യക്തമാക്കി. ഫോണിലൂടെയുള്ള ചർച്ചക്കിടെയാണ് ഇക്കാര്യം പങ്കുവച്ചതെന്നും ഫ്രഞ്ച് പ്രസിഡന്‍റ് വിവരിച്ചു.

അതേസമയം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ച അവസാനിച്ചിട്ടുണ്ട്. ആണവ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ച ഇറാൻ, ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും വ്യക്തമാക്കി. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൺ, എന്നീ രാജ്യങ്ങൾക്ക് ഒപ്പം യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ചർച്ചയിൽ പങ്കാളിയായി. ഇറാന്റെ ആണവ പദ്ധതികളും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുമായിരുന്നു ചർച്ചകൾ. ചർച്ചകൾ ഇനിയും തുടരുമെന്നാണ് ഫ്രാൻസ് അറിയിച്ചത്. ഇന്നത്തെ ചർച്ചകൾ ഏതാണ്ട് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. ഇപ്പോഴത്തെ സംഘർഷങ്ങൾ ആരംഭിച്ച ശേഷം നടക്കുന്ന ആദ്യത്തെ വിപുലമായ ചർച്ചയായിരുന്നു ഇത്. എല്ലാ വിഷയങ്ങളിലും ചർച്ച തുടരാൻ ഇറാൻ തയ്യാറാണെന്നാണ് വ്യക്തമായതെന്ന് ചർച്ചയ്ക്ക് ശേഷം ജർമൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ അമേരിക്കയുമായും ചർച്ച തുടരണമെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പറഞ്ഞത്. നേരത്തെ അമേരിക്കയിലെത്തി യു എസ് സ്റ്റേറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ കണ്ട ശേഷമാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജനീവയിലെത്തിയത്.

അതേസമയം സംഘർഷത്തിന്‍റെ ഒമ്പതാം ദിനവും ഇസ്രായേലും ഇറാനും പരസ്പരം ആക്രമിക്കുകയാണ്. ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളില്‍ ഇസ്രായേലിന്‍റെ ആക്രമണമുണ്ടായി. കോമിലെ ജനവാസ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇറാന്‍റെ തിരിച്ചടിയില്‍ ഇസ്രായേലിലെ പല പ്രധാന നഗരങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി. 17 ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവും ഹൈഫ, ബീര്‍ഷേബ, ഹോലോന്‍ നഗരങ്ങളിലേക്കും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ചെന്നാണ് റിപ്പോർട്ട്. ടെല്‍ അവീവില്‍ ജനവാസ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു. ഗോലന്‍ കുന്നില്‍ ഇറാന്‍റെ ഡ്രോണുകളെ പ്രതിരോധിച്ചതായി ഐ ഡി എഫ് അവകാശപ്പെട്ടു. ജൂണ്‍ 13 ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇസ്രായേല്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ ഇറാനില്‍ 657 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 25 പേരാണ് ഇസ്രായേലില്‍ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും