
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിലെ കല്ലുകടിയായ ലബനനിലെ ഇസ്രയേലിന്‍റെ ആക്രമണങ്ങൾക്കും അന്ത്യമാകുന്നുവെന്ന് റിപ്പോർട്ട്. ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേൽ ആഹ്വാനം ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി മാധ്യമമായ ചാനൽ 12 പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചാണ് പുതിയ സംഭവവികാസങ്ങൾ ഇറാൻ മാധ്യമങ്ങൾ വാർത്തയാക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷത്തിൽ വെടിനിർത്തലിന് വെല്ലുവിളിയായിരുന്നു ഇസ്രയേലിന്‍റെ ആക്രമണം. ഇത് ചൂണ്ടിക്കാട്ടി ഹോർമൂസ് വീണ്ടും അടയ്ക്കുമെന്നടക്കം ഇറാൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ വലിയ ആശ്വാസത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. ഇസ്രയേൽ ആക്രമണം നിർത്താൻ ആഹ്വാനം നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുമായി നിർണായക ചർച്ചകൾ നടത്തുന്നതിനായി ഇറാൻ സംഘം സ്വിറ്റ്സർലാണ്ടിലേക്ക് തിരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പിന്മാറിയതിനെ തുടർന്ന് ജനീവയിൽ നടക്കാനിരുന്ന ചർച്ചകൾ താല്കാലികമായി റദ്ദാക്കിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ചർച്ചകൾ പുനരാരംഭിക്കാനാണ് ഇറാന്റെ നീക്കം.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമൂസ് ഇറാൻ അടച്ചത് ലോക വിപണിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സമാധാന ധാരണക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഹോർമൂസ് തുറന്നെങ്കിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വീണ്ടും അടയ്ക്കുകയാണെന്ന് ഇന്ന് ഇറാൻ പ്രഖ്യാപിച്ചത് വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക - ഇറാൻ ചർച്ച നാളെ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തുമെന്നാണ് സൂചന. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam