പാകിസ്ഥാനിലെ ഒരു സ്വകാര്യ വന്യജീവി ഫാമിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ 19-കാരനായ ജീവനക്കാരൻ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക്കർ നോമാൻ ഹസ്സനെയും ഫാം ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം നായയുടെ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ സത്യം പുറത്തുവരികയായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ ചിത്രീകരിക്കാനുള്ള പാക് ഇന്ഫ്ലുവൻസറുടെ ശ്രമം ഒരാളുടെ മരണത്തിൽ അവസാനിച്ചു. പാകിസ്ഥാനിലെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം നടന്നത്. പാകിസ്ഥാനിലെ ലാഹോറിൽ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഫാം ജീവനക്കാരനായ 19 -കാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക്കറും ഫാം ഉടമയും ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി!
ലാഹോറിലെ കഹ്ന പ്രദേശത്തുള്ള ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിൽ വച്ച് വീഡിയോ ചിത്രീകരണത്തിനായി നോമാൻ ഹസ്സൻ എന്ന ടിക് ടോക്കർ എത്തിയിരുന്നു. നോമാൻ ഹസ്സന്റെ ആവശ്യപ്രകാരം കൂട്ടിലടച്ചിരുന്ന പെൺ കടുവയെ പുറത്തിറക്കാൻ 19 -കാരനായ ജീവനക്കാരൻ തൽഹയോട് ഫാം ഉടമ ആവശ്യപ്പെട്ടു. കൂട്ടിൽ നിന്നും പുറത്തിറക്കുന്നതിനിടെ കടുവ അപ്രതീക്ഷിതമായി തൽഹയെ അക്രമിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ. കടുവയെ പിന്നീട് നിയന്ത്രണവിധേയമാക്കിയ ശേഷം, ഗുരുതരമായി പരിക്കേറ്റ തൽഹയെ ഹസ്സൻ കാറിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛന്റെ പരാതിയിൽ കേസ്
തൽഹയുടെ അച്ഛൻ മുനീർ അഹമ്മദും സഹോദരനും ഇതേ ഫാമിലെ ജീവനക്കാരാണ്. ഇവരുടെ സാന്നിധ്യത്തിലായിരുന്നു കടുവയുടെ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം സംഭവം ആദ്യം നായയുടെ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും പൊലീസ് അന്വേഷണത്തിൽ പറയുന്നു. തൽഹയുടെ അച്ഛന്റെ പരാതിയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ടിക് ടോക്കർ നോമാൻ ഹസ്സനെയും ഫാം ഉടമ ഫയ്യാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കടുവയെ വന്യജീവി വകുപ്പിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഫാമിന് പ്രവർത്തനക്ഷമമായ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.














