ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ അടുത്തത് ഇറാൻ്റെ പരമോന്നത നേതാവ്? ഖമേനിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി

Published : Oct 02, 2024, 05:35 PM IST
ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ അടുത്തത് ഇറാൻ്റെ പരമോന്നത നേതാവ്? ഖമേനിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി

Synopsis

ഇറാനിയൻ അധികാരികൾ ഖമേനിയെ രാജ്യത്തിനകത്തെ അജ്ഞാതമായ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. 

ടെൽ അവീവ്: ഇസ്രായേലിനെതിരെ ഇറാൻ നേർക്കുനേർ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ യുദ്ധഭീതിയിലായിരിക്കുകയാണ് പശ്ചിമേഷ്യ. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെ ഓരോന്നായി ഇസ്രായേൽ ലക്ഷ്യമിട്ടതോടെയാണ് ഇറാൻ നേരിട്ട് രംഗത്തിറങ്ങിയത്. അടുത്തിടെ ഹിസ്ബുല്ലയുടെ തലവനായ ഹസൻ നസ്റല്ല ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ പ്രകോപിതരായത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഇസ്രായേലിനെതിരെ ശക്തമായ മിസൈലാക്രമണമാണ് ഇറാൻ നടത്തിയത്. 181 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിനെതിരെ ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ഒരു വലിയ തെറ്റ് ചെയ്തെന്നും അതിന് പ്രതിഫലം നൽകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഹിസ്ബുല്ലയുടെ 7 പ്രധാന നേതാക്കളെയാണ് ഏതാനും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. ഹസൻ നസ്‌റല്ല, നസ്റല്ലയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ട നബീൽ കൗക്ക്, എലൈറ്റ് റദ്‌വാൻ സേനയുടെ തലവൻ ഇബ്രാഹിം അകിൽ, റദ്വാൻ സേനയിലെ പ്രധാനി അഹ്മദ് വെഹ്ബെ, ഹിസ്ബുല്ലയുടെ തെക്കൻ മുന്നണിയെ നയിച്ച അലി കാരാക്കി, ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റിന്റെ തലവൻ മുഹമ്മദ് സുറൂർ, ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിന്റെ കമാൻഡർ ഇബ്രാഹിം കോബെയിസി എന്നിവരെയാണ് ഇസ്രായേൽ വകവരുത്തിയത്. 

ഇപ്പോൾ ഇതാ ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ അടുത്തത് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്. 85കാരനായ ഖമേനി, 1989 മുതൽ ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്നുണ്ട്. ബെയ്റൂട്ടിൽ ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ മേഖലയിലെ എല്ലാ പ്രതിരോധ ശക്തികളും ഹിസ്ബുല്ലയ്‌ക്കൊപ്പമാണെന്നും ഹിസ്ബുള്ളയുടെ നേതൃത്വത്തിൽ ഈ പ്രതിരോധ ശക്തികൾ ഭാവി രൂപപ്പെടുത്തുമെന്നും ഖമേനി പറഞ്ഞിരുന്നു. 'നിങ്ങളുടെ സുഹൃത്തുക്കൾ ഇതുപോലെ മന്ത്രിക്കാറുണ്ടായിരുന്നു, അവർ ഇപ്പോൾ എവിടെയാണെന്ന് നോക്കൂ' എന്നായിരുന്നു ഇതിന് ഇസ്രായേലിന്റെ മറുപടി. 

ഇസ്രായേൽ ആക്രമണത്തിന് കോപ്പുകൂട്ടുന്ന സാഹചര്യത്തിൽ ഖമേനി സുരക്ഷിത സ്ഥലത്തേയ്ക്ക് മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നസ്റല്ലയുടെ കൊലപാതകത്തെത്തുടർന്ന്, ഇറാനിയൻ അധികാരികൾ ഖമേനിയെ രാജ്യത്തിനകത്തെ അജ്ഞാതമായ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നസ്റല്ലയെ കൊലപ്പെടുത്തിയ ശേഷം, ഭീകര സംഘടനകൾക്കും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കും എതിരായ പോരാട്ടത്തിൽ ലോകത്തെവിടെയും എത്താൻ കഴിയുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞതിന് പിന്നാലെ, മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് സാധ്യമായ പരിഹാരത്തെ കുറിച്ച് ഖമേനി പ്രതികരിച്ചിരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇടപെടുന്നത് നിർത്തി പശ്ചിമേഷ്യ വിട്ടാൽ എല്ലാ സംഘർഷങ്ങളും അവസാനിക്കുമെന്നായിരുന്നു ഖമേനി പറഞ്ഞത്. 

READ MORE: ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ മറുപടി കനക്കും; മുന്നറിയിപ്പുമായി ഇറാൻ

PREV
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ