
ലോകത്തിന് ആശ്വാസം നൽകുന്ന അമേരിക്ക-ഇറാൻ ധാരണ മുന്നോട്ടു കൊണ്ടു പോകാൻ മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. സ്വന്തം രാജ്യാതിർത്തിക്ക് പുറത്തും ഇറാനും ഇസ്രയേലിനും അമേരിക്കയ്ക്കുമുള്ള താൽപര്യങ്ങളും സ്വാധീനവുമാണ് അതിലെ പ്രധാന പ്രശ്നം. ഏതു നിമിഷവും തർക്കം ഉടലെടുക്കാവുന്ന ഒട്ടേറ ഘടകങ്ങൾ നിലവിലെ ധാരണയിലുണ്ട്. ഹോർമൂസിൽ പണമീടാക്കുമെന്ന് ഇറാൻ ഉറപ്പിച്ചതോടെ ലോകത്ത് മറ്റു കടലിടുക്കുകളിലും ഇതേ സ്ഥിതി ആവർത്തിച്ചേക്കും.
ഇറാന്റെ പ്രതിരോധ അച്ചുതണ്ടും, അതിന്റെ സേനകളും പലസ്തീനിലും സിറിയയിലും ലബനനിലും ഇറാഖിലും ഉൾപ്പടെ പരന്നു കിടക്കുന്നു. ഗാസയിൽ ഹമാസ്, ലബനനിൽ ഹിസ്ബുള്ള, യമനിൽ ഹൂത്തികൾ. ഇറാൻ അനുകൂല തീവ്ര നിലപാടുള്ളവർക്കും ഇസ്രയേലിനും നിലവിലെ ധാരണ ദഹിച്ചിട്ടില്ലാത്തതിനാൽ ഇവരിൽ ആരുമായും ഇസ്രയേലും തമ്മിൽ ഏത് നിമിഷവും പ്രകോപനമുണ്ടാകാം. നിലവിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിറകിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇസ്രയേലാകട്ടെ ലബനനിലും ഗാസയിലും സിറിയയിലും നിലവിലുള്ള മേഖലകളിൽ നിന്ന് പിന്നോട്ട് മാറില്ലെന്ന നിലപാടിലാണ്. മിസൈൽ ശേഷി നിയന്ത്രിക്കുന്നതും മേഖലയിലെ മറ്റു സംഘങ്ങൾക്ക് നൽകുന്ന പിന്തുണയും കരാറിലില്ലാത്തത് ഇസ്രയേലിന് തിരിച്ചടിയാണ്. ഇസ്രയേൽ വെറുതെയിരിക്കില്ലെന്ന് ഉറപ്പാണ്.
ഹോർമൂസിൽ പണം ഈടാക്കുമെന്ന് തന്നെയാണ് ഇറാൻ ഇപ്പോഴും പറയുന്നത്. ടോളല്ല, സർവ്വീസ് ചാർജാണ് എന്നാണ് വിശദീകരണം. ഹോർമൂസ് ഇറാന്റെ പരമാധികാരത്തിലാണെന്ന വാദം ഗൾഫ് രാജ്യങ്ങൾക്ക് സ്വീകാര്യമല്ല. ഈ നിലപാട് ലോകത്തെ മറ്റ് 8 കടലിടുക്കിലേക്ക് വ്യാപിച്ചാൽ ലോകത്തെ ചരക്കു നീക്കത്തിന്മേൽ കാര്യമായ തിരിച്ചടിയുണ്ടാകും. ഇന്തോനേഷ്യക്കും സിംഗപ്പൂരിനും മലാക്കയ്ക്കും സ്വാധീനമുള്ള മലാക്ക, ഈജിപ്തിലൂടെയുള്ള സൂയസ് കനാൽ, പാനമ നിയന്ത്രണത്തിലുള്ള പാനമ കനാൽ, തുർക്കിക്ക് സ്വാധീനമുള്ള തർക്കിഷ് കടലിടുക്ക്, ഹൂത്തികളുടെ സാന്നിധ്യമുള്ള ബാബ് അൽ മന്ദബ് ഉൾപ്പടെ പണം ഈടാക്കുമെന്ന നിലപാട് സ്വീകരിച്ചാൽ അത് തിരിച്ചടിയാകും
യുറേനിയം ശേഖരം പിടിച്ചെടുത്ത് നശിപ്പിക്കുമെന്നാണ് അമേരിക്ക ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ആണവ പദ്ധതികൾ ഉപേക്ഷിക്കാനും യുറേനിയം ശേഖരം അടിയറ വെയ്ക്കാനും തയാറല്ലെന്നാണ് ഇതുവരെ ഇറാൻ പരസ്യമായി പറഞ്ഞിരിക്കുന്ന നിലപാട്. ഉപരോധം നീങ്ങുന്നതോടെ എണ്ണ ആഗോളതലത്തിൽ വിൽക്കാൻ ഇറാനാകും. മുപ്പതിനായിം കോടി ഡോളറോളം ഫണ്ടും ഇറാനു ലഭിക്കും. കരുത്താർജിക്കുന്നതോടെ ഇറാന്റെ ഗൾഫ് രാഷ്ട്രങ്ങളോടുള്ള തുടർ സമീപനം എന്താകുമെന്നത് വലിയ ചോദ്യ ചിഹ്നം. അമേരിക്ക ഇറാന്റെ പരിസരത്തു നിന്നും മേഖലയിൽ നിന്നും സേനകളെ പിൻവലിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരത്തിന് കാത്തിരിക്കണം. അതുണ്ടാക്കുക വലിയ ചലനങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam