ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി അമേരിക്കയും ഇസ്രയേലും കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ പദ്ധതി വിജയിക്കണമെങ്കിൽ ഇറാന്‍റെ അയൽരാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്.
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അതിന്റെ പരിധിയിലെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ. വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും നെതന്യാഹുവും ഈ കര ഉപരോധ പദ്ധതിയെക്കുറിച്ചും മറ്റ് ചില സൈനിക, സൈനികേതര മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി 'ദി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്തു. ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി തടഞ്ഞാൽ എന്തുസംഭവിക്കുമെന്ന് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ ചോദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ കര ഉപരോധം വിജയിക്കണമെങ്കിൽ ഇറാഖ്, തുർക്കി, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിമെനിസ്ഥാൻ, അർമേനിയ, അസർബെയ്ജാൻ തുടങ്ങിയ സമീപ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്. എന്നാൽ ഈ രാജ്യങ്ങൾ ഉപരോധത്തിൽ പങ്കെടുത്താൽ ഇറാനിൽ നിന്നും തിരിച്ചടി നേരിടേണ്ടിവരും. ഇറാനിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം നിയന്ത്രിക്കാൻ ഈ രാജ്യങ്ങളെ കൊണ്ട് സമ്മതിപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ പദ്ധതി പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ഇറാനെ സാമ്പത്തികമായി തളർത്താൻ കര ഉപരോധം ഫലപ്രദമാണെന്ന് വിരമിച്ച യുഎസ് ജനറൽ ഷോൺ മക്‌ഫാർലാൻഡ് അഭിപ്രായപ്പെട്ടു.
ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച ഇസ്രയേൽ, ഇറാനെതിരായ ആക്രമണങ്ങൾ അനിവാര്യമായ പ്രതിരോധമായിരുന്നുവെന്ന് അവകാശപ്പെട്ടു. ഭീകരവാദത്തിന്റെ വേരറുക്കുകയാണ് തങ്ങൾ ചെയ്തതെന്നും എന്നാൽ ഇറാനിൽ നിന്നുള്ള ഭീഷണികൾ പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
