യുദ്ധക്കളമായി ഇസ്രയേൽ - പാലസ്തീൻ അതി‍‍ർത്തി: ​ഗാസയിൽ വ്യോമാക്രമണത്തിൽ 36 മരണം

By Web TeamFirst Published May 12, 2021, 1:03 PM IST
Highlights

ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിലെ ഇസ്രായേൽ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘർഷം

​ഗാസ: സംഘർഷം രൂക്ഷമായതോടെ യുദ്ധക്കളമായി ഇസ്രായേൽ പലസ്തീൻ അതിർത്തി. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 കുട്ടികളടക്കം 36 പേർ മരിച്ചു.12 നിലയുളള പാർപ്പിട സമുച്ചയം ഇസ്രയേൽ ആക്രമണത്തിൽ പൂർണമായും തകർന്നു. 
ഇന്നലെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ അഞ്ചു പേരാണ് മരിച്ചത്

2014-ലിന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ അൽ അഖ്സയിലെ ഇസ്രായേൽ പൊലീസിന്റെ നടപടിക്ക് പിന്നാലെയായിരുന്നു സംഘർഷം. മൂന്ന് ദിവസത്തിനിടെ ഇസ്രായേൽ തൊടുത്തത് ആയിരത്തിലധികം റോക്കറ്റുകളാണ്. 

ഗാസയിലെ പൊലീസ് ആസ്ഥാനം ഇസ്രയേൽ ആക്രമണത്തിൽ പൂർണമായും തകർന്നു. മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഹമാസിന്റെ മുതിർന്ന കമാൻഡർമാരുടെ വീടുകൾക്കും നാശമുണ്ടായി. പലസ്തീൻ വർഷിച്ചത് 210 റോക്കറ്റുകളാണ്. ഇസ്രായേലിലെ വാതക പൈപ്പ് ലൈൻ ആക്രമണത്തിൽ തീഗോളമായി മാറി. തലസ്ഥാനമായ ടെൽ അവീവിനോട് ചേർന്നുള്ള ലോഡ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

കിഴക്കൻ പലസ്തീൻ അതിർത്തിയോട് ചേർന്ന് യുദ്ധടാങ്കുകൾ വിന്യസിച്ച് ഇസ്രായേൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. അഖ്സ പള്ളിയിൽ നിന്ന് ഇസ്രായേൽ പൊലീസ് പൂർണമായും പിൻമാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് പലസ്തീൻ നിലപാട്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ ചേർന്ന യുഎൻ രക്ഷാസമിതി യോഗം ആക്രമണത്തിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറണമെന്ന് ആവശ്യപ്പെട്ടു.

click me!