തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേൽ; 'ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാൻ തനിച്ച് പ്രവര്‍ത്തിക്കും'

Published : Jun 20, 2025, 01:16 AM IST
Israel Prime Minister Benjamin Netanyahu (Image Credit: X/@IsraeliPM)

Synopsis

ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 

ടെൽ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടണോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമെന്ന സൂചനയും ട്രംപ് നൽകി. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പുതിയ വിശദീകരണം.

ഇതിനിടെ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ. ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാൽ പോലും തങ്ങൾ അമേരിക്കക്ക് മുന്നറിയിപ്പ് നൽകും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാൽ മുഴുവൻ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്കോവ് പറഞ്ഞു. സംഘര്‍ഷത്തിൽ തങ്ങൾ മധ്യസ്ഥത വഹിക്കാമെന്നും റഷ്യ അറിയിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമായി തുടരുകയാണ്. ഇന്നലെ ഇസ്രയേലിൽ വീണ്ടും ഇറാൻ കനത്ത മിസൈൽ ആക്രമണം നടത്തി. ൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രായേലി നഗരങ്ങളിൽ ഇന്ന് ഇറാന്റെ മിസൈലുകൾ വീണു. ബേർശേബയിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശനഷ്ടമുണ്ടായി. കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ട്. നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രായേലി നഗരങ്ങളിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.

ഇറാൻ ആണവ റിയാക്ടറിന് നേരെ ഇസ്രയേൽ ആക്രമണം

അതേ സമയം, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ഇറാന്റെ ആണവ റിയാക്ടറിന് നേരെ ഇസ്രയേൽ ഇന്നലെ രാത്രി ആക്രമണം നടത്തി. ഇവിടുത്തെ ആണവോർജ പദ്ധതികൾ പൂർണ്ണമായി നിശ്ചലമായെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ ആയുധ ഫാക്ടറികൾ, ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രങ്ങൾ എന്നിവ അടക്കം ലക്ഷ്യമിട്ട് 40 യുദ്ധവിമാനങ്ങളാണ് രാത്രി മുഴുവൻ ആക്രമണം നടത്തിയത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം