
ദെയ്ർ അൽ-ബലാഹ്: ഹമാസ് സായുധ വിഭാഗത്തിൻ്റെ വക്താവ് സ്ഥാനത്ത് ദീർഘകാലമായി പ്രവർത്തിച്ച അബു ഒബൈദയെ (ഇസ്രയേൽ പ്രതിരോധ മന്ത്രി വെളിപ്പെടുത്തിയ പേര്) വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആക്രമണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിൽ വെടിനിർത്തലിനെ കുറിച്ച് ചർച്ച ചെയ്തില്ല.
അബു ഒബൈദ കൊല്ലപ്പെട്ടതിനെ കുറിച്ച് ഇതുവരെ ഹമാസ് പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അബു ഒബൈദയുടെ അവസാനത്തെ പ്രസ്‌താവന പുറത്തിറങ്ങിയത്. ജീവിച്ചിരിക്കുന്ന ബന്ദികളെ തങ്ങളുടെ പിടിയിൽ തന്നെ നിർത്താൻ പരമാവധി ശ്രമിക്കുമെന്നും മരിച്ച ബന്ദികളുടെ അവശിഷ്ടങ്ങൾ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.
അതേസമയം ഹുദഹൈഫ കഹ്‌ലൗട്ട് എന്നാണ് കൊല്ലപ്പെട്ട വക്താവിൻ്റെ പേരെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. ഹമാസിൻ്റെ ഒക്ടോബർ 7 ആക്രമണത്തിൻ്റെയും അന്ന് തടവിലാക്കിയ ബന്ദികളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതിന് പിന്നിൽ ഇയാളെന്നും അവർ ആരോപിക്കുന്നു. ഇതിന് പുറമെ വിദേശത്ത് കഴിയുന്ന ഹമാസ് നേതാക്കൾക്കെതിരെയും ഇസ്രയേൽ സൈന്യം ഭീഷണി മുഴക്കുന്നുണ്ട്.
ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 43 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ സൈന്യം പുറത്തുവിടുന്ന കണക്ക്. ഷിഫ ആശുപത്രിയുടെ മോർച്ചറിയിൽ 29 മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 1 മുതൽ ഏകദേശം 65,000 പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്തതായാണ് കണക്ക്. ഇതിനിടയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം ഏഴ് വയോധികർ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam