
കേരളത്തിന്റെ സ്വപ്ന പദ്ധതി, വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പല എതിർപ്പുകളും മറികടന്നാണ് വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത വൈകാതെ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. . എതിർപ്പുകൾ, കേന്ദ്ര സർക്കാർ സൃഷ്‌ടിച്ച സാമ്പത്തിക പരിമിതികൾ, ചില സ്ഥാപിത താൽപര്യ ഇടപെടലുകൾ തുടങ്ങി നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് വികസന പദ്ധതികൾ എത്തിപ്പിടിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ഖജനാവിന്റെ ശേഷിക്കുറവ് പല പദ്ധതികളും ദശാബ്ദങ്ങളോളം വൈകുന്ന സ്ഥിതി ഉണ്ടായിരുന്നു. വിദ്യാഭ്യാസ പദ്ധതികൾ അടക്കം പിന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു. അതിന്റെ പരിഹാരമായിട്ടായിരുന്നു കിഫ്‌ബിയെ പുനർജീവിപ്പിച്ചത്. 90,000 കോടിയുടെ പദ്ധതികളാണ് കിഫ്‌ബി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന എതിരാളികളല്ല, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ യോജിച്ചു നിൽക്കുമെന്നും സംയുക്ത പ്രസ്താവന
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യ - ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം, കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളുടെ സംഘവും
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. 18 മലയാളികളടക്കം 25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്‌പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർഗം യാത്ര സാധ്യമല്ല. കൂടാതെ സംഘത്തിലുള്ള ചിലർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ഗസ്റ്റ് 25നാണ് ഇവർ ദില്ലിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടു. നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു.
പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി, തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി കിട്ടിയാല്‍ 10 രൂപ വരെ വർധന
പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകള്‍ക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്ത്രപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കാനിരിക്കെ സെപ്തംബർ എട്ടിന് എൻഡിഎ എംപിമാർക്ക് വിരുന്ന് നൽകാനാണ് തീരുമാനം. അത്താഴ വിരുന്നിനായി എംപിമാരെ ക്ഷണിക്കാൻ തീരുമാനിച്ചതായി വിവരം പുറത്തുവരുന്നു. അഭിമാന പോരാട്ടമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് സഖ്യകക്ഷികളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കമാണ് അത്താഴവിരുന്നിലേക്ക് നയിച്ചത്. തന്ത്രപരമായ ചർച്ചകൾക്കും സഖ്യകക്ഷികൾക്കിടയിൽ സമവായം ശക്തമാക്കുന്നതിലുമായിരിക്കും അത്താഴവിരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം.
അമിത് ഷായുടെ തല വെട്ടി മേശപ്പുറത്ത് വെക്കണമെന്ന പരാമർശം; മഹുവ മൊയ്ത്ര എംപിക്കെതിരെ കേസ്
കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടിയെടുക്കണമെന്ന് മഹുവ മൊയ്ത്ര പ്രസംഗിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശപരമായ പ്രവർത്തികൾ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻഎസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമിതിയുടെ നേതൃത്വം രാഷ്ട്രീയ വിമുക്തമാകണമെന്ന ഉപാധിയും വച്ചു. എൻഎസ്എസിനുള്ളിലെ എതിരഭിപ്രായത്തിനും ബിജെപി വിമര്‍ശനത്തിനും പിന്നാലെയായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് സംഘാടകരുടെ തീരുമാനം.
ഓണം വാരാഘോഷം; സർക്കാറിൻ്റെ ക്ഷണം സ്വീകരിക്കാൻ ഗവർണർ, ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും
സർക്കാറിൻറെ ഓണം വാരാഘോഷത്തിൻറെ ഭാഗമായുള്ള ഘോഷയാത്ര ഗവർണ്ണർ ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാറിൻറെ ക്ഷണം സ്വീകരിക്കാനാണ് രാജ്ഭവൻ തീരുമാനം. 9 നാണ് തലസ്ഥാനത്ത് ഘോഷയാത്ര. സർക്കാറുമായുള്ള പോരിനിടെ ഗവർണ്ണറെ ക്ഷണിക്കുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ ഗവർണ്ണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. മുൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ 2022ൽ ഓണാഘോഷ പരിപാടിയിലേക്ക് സർക്കാർ ക്ഷണിച്ചിരുന്നില്ല. ഇത്തവണ സ്വാതന്ത്രദിനത്തിൽ രാജ്ഭവനിൽ ഒരുക്കിയ വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു.