സമാധാന ശ്രമങ്ങളോട് മുഖം തിരിച്ച് ഇസ്രായേൽ; ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 പേർ കൊല്ലപ്പെട്ടു

By Web TeamFirst Published May 17, 2021, 7:21 AM IST
Highlights

പൂര്‍ണ്ണ കരുത്തോടെ ആക്രമണം തുടരുമെനന്നും സ്ഥിതി ശാന്തമാകാന്‍ ഇനിയും സമയം എടുക്കുമെന്നും വ്യക്തമാക്കി. ഇതോടെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് നെതന്യാഹു വഴങ്ങില്ലെന്ന് ഉറപ്പായി.

ഗാസ: സമാധാന ശ്രമങ്ങളോട് മുഖം തിരിച്ച് ഇസ്രായേൽ. ഗാസ മുനന്പിലുണ്ടായ വ്യോമാക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. വൈദ്യുതി വിതരണ ശൃംഖല തകർന്നു.ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. അടിയന്തര വെടിനിർത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. സംഘർഷത്തിൽ യുഎന്നിൽ ഇന്ത്യ അതൃപ്തി അറിയിച്ചു.

ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട സമൂഹത്തിന്‍റെ അഭ്യര്‍ത്ഥനയ്ക്ക് ഇസ്രയേൽ മറുപടി നൽകിയത് ഒറ്റ ദിവസത്തെ ഏറ്റവും വലിയ കൂട്ടക്കരുതിയിലൂടെ. 16 സ്ത്രീകളും 10 കുട്ടികളും അടക്കം 42 പലസ്തീനികളെ ആണ് ഞായറാഴ്ച വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്.
തെക്കന്‍ ഇസ്രയേൽ ലക്ഷ്യമാക്കി ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 

ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു , പൂര്‍ണ്ണ കരുത്തോടെ ആക്രമണം തുടരുമെനന്നും സ്ഥിതി ശാന്തമാകാന്‍ ഇനിയും സമയം എടുക്കുമെന്നും വ്യക്തമാക്കി. ഇതോടെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് നെതന്യാഹു വഴങ്ങില്ലെന്ന് ഉറപ്പായി.

സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാൻ ചേർന്ന യു.എൻ. യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. ഹമാസ് കുഞ്ഞുങ്ങളെ കവചമാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡർ ഗിലാ ദർദാൻ പറഞ്ഞു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അടിയന്തര വെടിനിർത്തല്‍ വേണമെന്നായിരുന്നു ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്.

ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യയും അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലും പലസ്തീനും സംയമനം പാലിക്കണമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ആവശ്യപ്പെട്ടു. ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!