പ്രാദേശിക ഫിറ്റ്നസ് മേഖലയിൽ വളരെ സജീവമായ വ്യക്തിത്വമായിരുന്നു യുവതി. ബാൽക്കണിയുടെ സംരക്ഷണ വേലി തകർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക ചിത്രങ്ങൾ സൂചിപ്പിക്കുന്നത്
റിയോ: ജന്മദിനാഘോഷത്തിനിടെ ബാൽക്കണി തകർന്നു.നാല് മീറ്ററോളം താഴ്ചയിലേക്ക് വീണ 35കാരിക്ക് ദാരുണാന്ത്യം.ബ്രസീലിലെ ഉറുചുകയിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയും ജിം ഉടമയുമായ ലോറൊന മൊറേസ് എന്ന 35കാരിയാണ് മരിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ വച്ചായിരുന്നു അപകടം. നാല് മീറ്ററോളം ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച ലൊറേനയ്ക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേൽക്കുകയും തലയോട്ടിക്ക് ക്ഷതമേൽക്കുകയും ചെയ്തു. വീഴ്ചയ്ക്ക് പിന്നാലെ റോഡിന്റെ വശത്തെ നടപ്പാതയിലെ കല്ലിൽ തലയിടിച്ചതാണ് മരണകാരണം.
പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം സമീപത്തുള്ള ഇല്യുസ് നഗരത്തിലെ വിദഗ്ദ്ധ ആശുപത്രിയിലേക്ക് ലൊറേനയെ മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും ചികിത്സയ്ക്കിടയിലും 35കാരിക്ക് രണ്ടുതവണ ഹൃദയാഘാതമുണ്ടായി. പ്രാദേശിക ഫിറ്റ്നസ് മേഖലയിൽ വളരെ സജീവമായ വ്യക്തിത്വമായിരുന്നു യുവതി. ബാൽക്കണിയുടെ സംരക്ഷണ വേലി തകർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


