ആൾനാശം കൂട്ടുന്ന 'ഡ‍ബിൾ ടാപ്', രൂക്ഷ വിമ‍‍ർശനം ഉയരുമ്പോഴും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ

Published : Aug 28, 2025, 03:12 PM IST
israel army

Synopsis

ഒരു ആക്രമണം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം അടക്കം പുരോഗമിക്കുമ്പോൾ നടക്കുന്ന രണ്ടാമത്തെ ആക്രമണം നടത്തുന്നതിനെയാണ് ഡബിൾ ടാപ് രീതിയെന്ന് വിലയിരുത്തുന്നത്.

ഗാസ: ആഗോളതലത്തിൽ രൂക്ഷ വിമ‍‍ർശനം ഉയരുമ്പോഴും തെക്കൻ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഡബിൾ ടാപ് എന്ന് അറിയപ്പെടുന്ന രീതിയിലുള്ള ഇസ്രയേൽ ആക്രമണ ശൈലി കനത്ത ആൾനാശമാണ് ഗാസയിൽ സൃഷ്ടിച്ചുള്ളത്. കഴിഞ്ഞ ആഴ്ച ഡബിൾ ടാപ് രീതിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമ പ്രവർത്തകർ അടക്കം 22 പേരാണ്. ഇവരിൽ ആരോഗ്യ പ്രവർത്തകരും അടിയന്തര സേവനം എത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഒടുവിൽ പുറത്ത് വരുന്ന ആക്രമണ ദൃശ്യങ്ങളിലും ഡബിൾ ടാപ് രീതി ഇസ്രയേൽ പിന്തുടരുന്നതായി വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെ പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് ആദ്യത്തെ ഇസ്രയേൽ ആക്രമണം നടക്കുന്നത്. ഷെൽ ആക്രമണത്തിൽ റോയിട്ടേഴ്സിനറെ ക്യാമറമാൻ അടക്കം കുറച്ച് പേർ കൊല്ലപ്പെട്ടു. 9 മിനിറ്റിന് ശേഷമാണ് ഇതേയിടത്ത് ഇസ്രയേൽ രണ്ടാമതും മിസൈൽ വർഷിച്ചത്. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനായി എത്തിയ മാധ്യമ പ്രവർത്തകർ, പ്രദേശവാസികളും മറ്റുമായി നിരവധി പേരാണ് രണ്ടാമത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇത്തരത്തിൽ നടത്തുന്ന ആക്രമണ ശൈലിയേയാണ് ഡബിൾ ടാപ് എന്ന പേരിൽ അറിയപ്പെടുന്നത്. ആക്രമണത്തിന്റെ ആഘാതം കൂടുമെന്നതും ആൾനാശം കൂടുമെന്നതുമാണ് ഈ ശൈലിയുടെ ഭീകരത. കഴിഞ്ഞ ദിവസം നടന്ന ഡബിൾ ടാപ് രീതിയിലെ ആക്രമണ ദൃശ്യങ്ങൾ സിഎൻഎൻ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. യുദ്ധ കുറ്റങ്ങളിൽ ഉൾപ്പെടുന്നതും അന്താരാഷ്ട്രാ മനുഷ്യാവകാശ നിയമങ്ങളുടെ പ്രത്യക്ഷത്തിലുള്ള ലംഘനവുമായാണ് ഈ ആക്രമണ രീതിയെ വിലയിരുത്തുന്നത്.

റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകനായ ഹൊസം അൽ മാസ്രി വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഇസ്രയേലിന്റെ ഡബിൾ ടാപ് ആക്രമണം നാസ‍ർ ആശുപത്രിക്ക് നേരെയുണ്ടായത്. ഈ ആക്രമണത്തിൽ ഹൊസം അൽ മാസ്രി കൊല്ലപ്പെട്ടിരുന്നു. ആദ്യ ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടക്കുമ്പോഴായിരുന്നു ഇസ്രയേൽ രണ്ടാമത്തെ ആക്രമണം നടത്തിയത്. ഇസ്രയേൽ ടാങ്കുകളായ എം339ൽ നിന്നാണ് ആശുപത്രിക്ക് നേരെ ഷെൽ ആക്രമണം നടന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ അനുസരിച്ച ഓഗസ്റ്റ് 22ന് പന്ത്രണ്ടിലേറെ സൈനിക വാഹനങ്ങൾ അൽനാസർ ആശുപത്രിക്ക് പരിസരത്തായി ഉണ്ടായിരുന്നു. ടാങ്കുകൾ ഉൾപ്പെടെയാണ് നാസർ ആശുപത്രിയുടെ വടക്ക് കിഴക്കൻ മേഖലയിൽ ഉണ്ടായിരുന്നത്. ഇവയിൽ നിന്നാണോ ആക്രമണം നടന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. തെക്കൻ ഗാസയിൽ നിലവിൽ പ്രവർത്തനക്ഷമമായ ഒരേയൊരു ആശുപത്രിയാണ് നാസർ ആശുപത്രി.

കഴിഞ്ഞ ദിവസം അഞ്ച് മാധ്യമ പ്രവ‍ർത്തകർ കൊല്ലപ്പെട്ട ആക്രമണത്തേക്കുറിച്ച് ദാരുണമായ അപകടമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച വിലയിരുത്തിയത്. എന്നാൽ ചൊവ്വാഴ്ച ആക്രമണത്തെ ഇസ്രയേൽ സൈന്യം ന്യായീകരിച്ച് രംഗത്ത് എത്തി. ഹമാസിനെ സഹായിക്കുന്ന ക്യാമറകൾക്ക് നേരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ഇസ്രയേൽ സൈന്യത്തിന്റെ നീക്കങ്ങൾ ഹമാസിന് എത്തിക്കുന്ന ചില സംവിധാനങ്ങൾ ആക്രമിച്ചതായാണ് ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ ന്യായീകരിക്കുന്നത്. റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകനായ ഹൊസം അൽ മാസ്രി, അൽ ജസീറയുടെ മാധ്യമ പ്രവർത്തകനായ മൊഹമ്മദ് സലാമ , സ്വതന്ത്ര മാധ്യമപ്രവർത്തകരായ മറിയം അബു ദഖ, മോസ് അബു താഹ, അഹമ്മദ് അബു അസീസ് എന്നിവരുൾപ്പെടെയാണ് കഴിഞ്ഞ ദിവസം നടന്ന ഡബിൾ ടാപ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്