ട്രംപിന്‍റെ അധിക തീരുവ മറികടക്കാൻ ഇന്ത്യ, നിർണായക ചർച്ചകൾക്കായി ജപ്പാനിലും ചൈനയിലും പ്രധാനമന്ത്രി നേരിട്ടെത്തും, റഷ്യയുമായും കൂടിയാലോചന

Published : Aug 28, 2025, 09:25 AM IST
modi trump

Synopsis

2 ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും

ദില്ലി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ പ്രത്യേക ചർച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളിൽ വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകൾ.

അതേസമയം അമേരിക്ക ചുമത്തിയ അധിക തീരുവ സാഹചര്യം കേന്ദ്ര സർക്കാർ വിലയിരുത്തി. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുകയാണ്. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുക എന്ന നിർദ്ദേശമാണ് വ്യവസായികളും പ്രധാനമായും മുന്നോട്ട് വച്ചത്. ഇന്ന് കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കൂട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന് മുൻ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഹർഷ് വർദ്ധൻ ഷിംഗ്ള വ്യക്തമാക്കിയിട്ടുണ്ട്. നാൽപ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടുകൂടി യാഥാർത്ഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ജി ഡി പി വളർച്ചയെ ബാധിക്കാൻ ഇടയുള്ള ട്രംപിന്‍റെ അധിക തീരുവ നിലവിൽ വന്ന ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ടെക്സ്റ്റൈൽസ് അടക്കമുള്ള മേഖലകളെ പ്രഖ്യാപനം ബാധിച്ചു കഴിഞ്ഞെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ തീരുവ വലിയ തോതിൽ ബാധിക്കുന്ന ടെക്സ്റ്റൈൽ, സമുദ്രോൽപ്പന്ന മേഖലകൾക്കടക്കം കേന്ദ്ര സർക്കാർ സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 25 ശതമാനം പിഴ തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ് ഏർപ്പെടുത്തിയത്. റഷ്യ - യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ തീരുവ നടപടിയെന്നാണ് ട്രംപ് ആദ്യം വിശദീകരിച്ചത്. എന്നാൽ ഇന്ന് കൂടുതൽ പ്രതികരണവുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് രംഗത്തെത്തി. ഇന്ത്യക്കുള്ള അധിക തീരുവ റഷ്യൻ എണ്ണയുടെ പേരിൽ മാത്രമല്ലെന്ന് സമ്മതിച്ച അമേരിക്ക, വ്യാപാര കരാർ ചർച്ച ഇന്ത്യ അനാവശ്യമായി നീട്ടിയതും കാരണമാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ ചില വിഷയങ്ങളിൽ കടുംപിടുത്തം പിടിക്കുകയാണ്. മേയിൽ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നും യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ