
ബെയ്റൂട്ട്: ഇറാനിൽ മാത്രമല്ല, ലെബനോനിലും ഇസ്രയേൽ ആക്രമണം. ലെബനനിലെ ഇഖ്‌ലിം അൽ-തുഫാ മേഖലയിലും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിലാണ് മിസൈൽ ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുമാണ് ലക്ഷ്യം വെച്ചതെന്നാണ് വിവരം.
മർക്കബ നഗരത്തിൽ ഇസ്രയേലിന്റെ 'ക്വാഡ്കോപ്റ്റർ' ഡ്രോണുകൾ മൂന്നാം തവണയും സ്ഫോടകവസ്തുക്കൾ വർഷിച്ചതായി ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി റിപ്പോർട്ട് ചെയ്തു.
2024 നവംബറിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ലംഘിക്കപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024 നവംബറിൽ കരാർ ഒപ്പിട്ടെങ്കിലും ഇസ്രയേൽ ലബനനിൽ ആക്രമണം തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കരാറിന് ശേഷം മാത്രം 127 സിവിലിയന്മാരടക്കം 300-ലധികം പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 4,000-ത്തിലധികം ലബനൻ പൗരന്മാർക്ക് ജീവൻ നഷ്ടമാവുകയും 17,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിൽ ഇസ്രയേൽ നടത്തിയത് അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലിന്‍റെ സ്ഥിരീകരണം. അന്താരാഷ്ട്ര മാധ്യമങ്ങളോടാണ് ഇസ്രയേൽ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അമേരിക്കയുടെ ശക്തമായ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളാണ് നടന്നത്. നഗരത്തിൽ പലയിടത്തും മിസൈലുകൾ പതിച്ചു. ആയത്തുള്ള അലി ഖമനയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണമുണ്ടായി. ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി. മുൻകരുതൽ ആക്രമണമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമമേഖല അടച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആളുകൾക്ക് നിർദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam