
ടെൽ അവീവ്: ഗാസയിൽ ആദ്യ സഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ. ഗാസാ മുനമ്പിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കും. ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ സൈന്യം കനത്ത വില നൽകേണ്ടി വരുമെന്ന് ലബനോൻ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികർ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട്ചെയ്തു.
പതിനാല് ദിവസത്തിന് ശേഷം ഗാസയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കൻ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന് പ്രതീക്ഷ ഉയർന്നിരുന്നു. ഇതിനിടെയാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേൽ വ്യക്തമാകിയത്. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഹമാസ് മോചിപ്പിച്ച വനിതകളോട് വീഡിയോ കോളിലൂടെ സംസാരിച്ചു.
ഗാസയിലെ സംഘർഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും ഐക്യരാഷ്ട്ര സഭ രക്ഷാ കൗൺസിലിന് കഴിയാത്തതിൽ സൗദി അറേബ്യ നിരാശ പ്രകടിപ്പിച്ചു. കെയ്റോയിലെ സമാധാന ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. സംഘർഷം ഒഴിവാക്കാനും, മാനുഷിക ഇടനാഴി ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണം എന്നും സൗദി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലാണ് സൗദി അറേബ്യ സമാധാന ഉച്ചകോടിയിൽ പങ്കെടുത്തത്. യു എൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഉൾപ്പടെ മേഖലയിലെ പ്രധാന രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയിൽ, നിർണായക പ്രഖ്യാപനങ്ങളോ ഉടമ്പടികളോ ഉണ്ടായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam