കണ്ടുനിൽക്കാനാകില്ല ഈ കാഴ്ച്ച! ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്

Published : Mar 01, 2026, 04:22 PM IST
 Iranian school attack

Synopsis

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ഇറാനിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തെക്കൻ ഇറാനിലെ സ്കൂളിൽ നടന്ന ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 148 പെൺകുട്ടികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ടെഹ്റാൻ: എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാല്‍ മുഖരിതമാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലകളിലെ കാഴ്ചകള്‍. ആക്രമണം രൂക്ഷമായ ഇറാനിയന്‍ നഗരങ്ങളില്‍ നിന്ന് സുരക്ഷിത മേഖലകള്‍ തേടി ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങി. കുഞ്ഞ് കളിചിരികള്‍ നിറഞ്ഞിരുന്ന ക്ലാസ് മുറിയിന്നൊരു ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു. തെക്കന്‍ ഇറാനിലെ ഹോര്‍സ്മോഗന്‍ പ്രവിശ്യയിലെ പ്രൈമറി സ്കൂള്‍ മുറ്റത്ത് നിരത്തിക്കിടത്തിയിരിക്കുന്നത് 148 പെണ്‍കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ്. മരിച്ച കുട്ടികൾക്കെല്ലാം 7 മുതൽ 12 വയസ്സ് വരെ മാത്രം പ്രായം. അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാപിതാക്കളുടെ ദൃശ്യം ഈ സംഘര്‍ഷ കാലത്ത് ലോകത്തെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാഴ്ചയായി മാറുന്നു.

ലോകനേതാക്കള്‍ പരസ്പരം കൊലവിളി നടത്തുമ്പോള്‍ നിലയ്ക്കാത്ത സൈറണുകള്‍ക്കിടയില്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ് ലക്ഷക്കണക്കിന് സാധാരണ മനുഷ്യര്‍. കൈയിലൊതുക്കാവുന്നതെല്ലാം വാരിക്കൂട്ടി നാടു വീടും വിട്ട് സുരക്ഷിത തീരം തേടി കൂട്ടപ്പലായനം ചെയ്യുന്ന മനുഷ്യരെയാണ് ഇറാനിലെങ്ങുമിന്ന് കാണാനാവുന്നത്. എല്ലാം നഷ്ടപ്പെട്ടവരുടെ രോദനങ്ങള്‍. അപ്രതീക്ഷിത ആക്രമണങ്ങളില്‍ ഗുരുതര പരിക്കേറ്റ് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് പിടയുന്നവര്‍. സമ്പത്തിന്‍റെയും ആഡംബരങ്ങളുടെയും സുരക്ഷിതത്വത്തില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ നിസഹായത. എല്ലാ സംഘര്‍ഷ ഭൂമികളിലുമെന്നപോലെ ദുരിത കാഴ്ചകളുടെ തനിയാവര്‍ത്തനമാണ് പശ്ചിമേഷ്യയിലും. യുദ്ധം ആര് ജയിച്ചാലും തോറ്റ് പോകുന്നത് മനുഷ്യത്വമാണ്. തോക്കുകളുടെയും മിസൈലുകളുടെയും ഘോരശബ്ദങ്ങള്‍ക്കിടയില്‍ നിശബ്ദമായിപ്പോകുന്നത് പാവപ്പെട്ടവന്‍റെ സ്വപ്നങ്ങളാണ്. പ്രതികാരത്തിന്‍റെ കനലുകള്‍ വേഗമണയണമെന്ന പ്രാര്‍ത്ഥനയാണ് സമാധാനമാഗ്രഹിക്കുന്ന മനുഷ്യരുടെയെല്ലാം മനസില്‍ ഈ നിമിഷം നിറയുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷം നിരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിന്‍റെ പശ്ചാത്തില്‍ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ. അയത്തൊള്ള ഖമനേയിയെ വധിച്ച റിപ്പോർട്ടുകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യക്കാരുടെ സുരക്ഷ അടക്കം വിലയിരുത്താൻ ഉന്നതതല യോഗം നടന്നു. ഏഴു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി എസ് ജയശങ്കർ ഇന്നലെ ചർച്ച നടത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖമനെയിയുടെ താത്കാലിക പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഇറാൻ; അയത്തൊള്ള അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല
ആക്രമണത്തിന് ശേഷം കുവൈത്ത് വിമാനത്താവളത്തിൽ പ്രധാനമന്ത്രി; അടിയന്തര സന്ദർശനം, നടപടികൾ വിലയിരുത്തി