
ബെയ്റൂട്ട്: ലെബനോനിലെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ബെയ്റൂട്ടിലും ഇസ്രയേൽ വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇസ്രയേൽ വ്യോമാക്രണം നടന്നതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാൻ നിലപാടിനെ അടിച്ചമർത്താനുള്ള ഇസ്രയേൽ ശ്രമത്തിന്റെ ഭാഗമായാണ് വ്യോമാക്രമണമെന്നാണ് റിപ്പോർട്ട്.
ബെയ്റൂട്ടിലെ ബാസ്തായിലുണ്ടായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 33 പേർക്ക് പരിക്കേറ്റതായുമാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ലെബനീസ് ടെലിവിഷനായ അൽ മാനർ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ നടന്ന ആക്രമണത്തിൽ ബെയ്റൂട്ടിൽ എട്ട് നില കെട്ടിടം തകർത്തു. ഇതിന് ചുറ്റുമുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാല് ബോംബുകളാണ് ബെയ്റൂട്ടിൽ പതിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ബെയ്റൂട്ടിലെ മധ്യമേഖലയിൽ ഒരാഴ്ചയ്ക്കുള്ളിലുണ്ടാവുന്ന നാലാമത്തെ ആക്രമണമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. മൂന്ന് വലിയ സ്ഫോടനങ്ങൾ കേട്ടതായാണ് എഎഫ്പി മാധ്യമ പ്രവർത്തകൻ വിശദമാക്കുന്നത്.
വെള്ളിയാഴ്ച ഇസ്രയേൽ ലെബനോനിലെ തെക്കൻ മേഖലയിലും ബെയ്റൂട്ടിന്റെ പ്രാന്ത പ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണം നടന്നിരുന്നു. ദർ അൽ അമൽ സർവ്വകലാശാല ആശുപത്രിക്ക് സമീപത്തുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആശുപത്രി ഡയറക്ടറും ആറ് സഹപ്രവർത്തരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ 200ലേറെ പേർ ഡോക്ടർമാരാണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam